വടക്കാഞ്ചേരി: നിയോജക മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ ഫുട്ബോൾ താരത്തിന് ചിഹ്നമായി ലഭിച്ചത് ഫുട്ബോൾ.
വടക്കാഞ്ചേരിയിലെ പ്രധാന ഫുട്ബോൾ ടീമായിരുന്ന സിറ്റി 9 ടീം അംഗമായ അബൂബക്കർ കുണ്ടുകാടനാണ് വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്.
മുതിർന്ന കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം കോണ്‍ഗ്രസിൽ നിന്ന് അകന്നു നില്‍ക്കുന്നവരെയും, പുറത്താക്കിയവരെയും ഏകോപിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിക്കും, അനിൽ അക്കരയ്ക്കും കഴിഞ്ഞില്ലെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കരെക്കെതിരെയാണ് മത്സരിക്കുന്നതെന്ന് വടക്കാഞ്ചേരി പാർളിക്കാട് സ്വദേശിയായഅബൂബക്കർ കുണ്ടു കാടൻ അറിയിച്ചു.
ഫുട്ബോൾ ചിഹ്ന ത്തിലാണ് മത്സരിക്കുന്നത്. വ്യാപാരി വ്യവസായി കോണ്‍ഗ്രസിന്റെ പിന്തുണയും ഉള്ളതായി അബൂബക്കർ പറഞ്ഞു.
അഞ്ചര പ്പതിറ്റാണ്ടായി കോണ്‍ഗ്രസിന്റെ സജീവ പ്രവർത്തകനാണ് അബുബക്കർ.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അനിൽ അക്കരയ്ക്കു വേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു.
കോണ്‍ഗ്രസ്സിൽ നിന്നും അകന്നു നില്ക്കുന്ന നല്ലൊരു വിഭാഗം തനിക്കൊപ്പമുണ്ടെന്നും, താൻ ആഗ്രഹിച്ച തെരഞ്ഞെടുപ്പ് ചിഹ്നം തന്നെ തനിക്ക് കിട്ടിയെന്നും അബൂബക്കർ കുണ്ടുകാടൻ രാഷ്ട്രദീപികയോടു പറഞ്ഞു.