പീരുമേട്: ദുരൂഹസാഹചര്യത്തിൽ മരിച്ച വീട്ടമ്മയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. സംഭവത്തിൽ മകൻ പോലീസിന്റെ പിടിയിലായി.
വാഗമണ് കോട്ടമല എസ്റ്റേറ്റ് മൂന്നാം ഡിവിഷനിലെ വിജയകുമാരി (44) കൊല്ലപ്പെട്ട കേസിലാണ് മകൻ ശരത് കുമാർ (20) നാലു ദിവസത്തിനു ശേഷം പിടിയിലായത്.
കഴിഞ്ഞ 25-നു രാത്രിയാണ് വിജയകുമാരി മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട അമ്മ ബോധരഹിതയായി നിലത്തുവീണെന്നു പറഞ്ഞ് ശരത് കുമാർ സമീപവാസികളെ വിളിച്ചുവരുത്തി.
തുടർന്ന് വിജയകുമാരിയെ ഉപ്പുതറ ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ മരിച്ചതായി സ്ഥിരീകരിച്ചു.
പിന്നീട് മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ് മോർട്ടത്തിനും വേണ്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു.
ഇവർ താമസിക്കുന്ന എസ്റ്റേറ്റ് ലയത്തിലെ മറ്റു മുറികളിൽ താമസക്കാരില്ല.
25-ന് ജോലിക്ക് പോയ മകൻ തിരികെയെത്താൻ താമസിച്ചതിനാൽ രാത്രി 8.30 വരെ മറ്റൊരു വീട്ടിലായിരുന്നു വിജയകുമാരി. ഇവിടെനിന്ന് മകൻ എത്തിയാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
വീട്ടിൽനിന്നു പോകുന്നതുവരെ ഇവർക്ക് യാതൊരു ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. ഇതേതുടർന്നു ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചു.
പ്രാഥമിക നിരീക്ഷണത്തിൽ അസ്വാഭാവികത ബോധ്യപ്പെട്ട പോലീസ് മെഡിക്കൽ കോളേജിലെത്തി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുമായി വിവരങ്ങൾ തേടിയപ്പോഴാണ് മരണകാരണം ശ്വാസം മുട്ടിയാണെന്നു വ്യക്തമായത്.
ഇതോടെ പോലീസ് ശരത്കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വാക്കു തർക്കത്തിനിടെയുണ്ടായ പിടിവലിയിൽ ഭിത്തിയിലിടിച്ച് വിജയകുമാരി നിലത്തുവീണെന്നും പിന്നാലെ താൻ കഴുത്തിനു പിടിക്കുകയായിരുന്നുവെന്നും ശരത് കുമാർ പോലീസിനോട് പറഞ്ഞു.
വർഷങ്ങൾക്കുമുന്പ് നാടുവിട്ടുപോയ വിജയകുമാരിയുടെ രണ്ടാം ഭർത്താവിലുള്ള മകനാണ് ശരത് കുമാർ.