കട്ടപ്പന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെപ്പറ്റി ഇടുക്കി മുൻ എംപി ജോയ്സ് ജോർജ് നടത്തിയ പരാമർശം വിവാദമായി.
രാഹുൽ ഗാന്ധി പെണ്‍കുട്ടികൾ പഠിക്കുന്ന കോളജുകളിൽ മാത്രമേ സംവാദത്തിനെത്തുകയുള്ളൂവെന്നും അവിടെ പെണ്‍കുട്ടികളെ വളയാനും നിവരാനും പഠിപ്പിക്കുകയാണെന്നും അദ്ദേഹത്തെ സൂക്ഷിക്കണമെന്നുമായിരുന്നു ജോയ്സിന്റെ പ്രസംഗം.
എൽഡിഎഫ് ഉടുന്പൻചോല മണ്ഡലം സ്ഥാനാർഥി എം.എം. മണിയുടെ തെരഞ്ഞെടുപ്പു പ്രചാരണാർഥം ഇരട്ടയാറിൽ നടന്ന യോഗത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു ജോയ്സിന്റെ വിവാദ പ്രസംഗം.
ജോയ്സ് ജോർജ്,രാഹുൽ ഗാന്ധിയെ വ്യക്തിപരമായും സ്ത്രീവിരുദ്ധ പരാമർശം നടത്തി സ്ത്രീസമൂഹത്തെ പൊതു വായും അവഹേളിച്ചതായി യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
പ്രസംഗം വിവാദമായതോടെ ജോയ്സ് പ്രസ്താവന പിൻവലിച്ചു പരസ്യ ഖേദപ്രകടനം നടത്തിയെങ്കിലും വിവാദം കെട്ടടങ്ങിയിട്ടില്ല.
ഡിജിപിക്കും തെരഞ്ഞെടുപ്പു കമ്മീഷനും പരാതി നൽകുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും ഡീൻ കുര്യക്കോസ് എംപിയും അറിയിച്ചു.
ജോയ്സിനെ തള്ളി പിണറായി
കാസർഗോഡ്: രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കുകയെന്നത് തങ്ങളുടെ നയമല്ലെന്നും രാഷ്ട്രീയമായി എതിർക്കുന്നത് തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജോയ്സ് ജോർജിന്റെ വിവാദപരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.