പെരിയ(കാസർഗോഡ്): മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത പൊതുയോഗങ്ങളുടെ വേദികളിലേക്കുള്ള വഴിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചതായി പരാതി.
പിണറായിയുടെ യാത്രാവഴിയില്‍ യുഡിഎഫിന്റെ പോസ്റ്ററുകള്‍ പോലും കാണാന്‍ പാടില്ലെന്ന തീരുമാനം തികഞ്ഞ കാട്ടുനീതിയാണെന്ന് യുഡിഎഫ് ഉദമ മണ്ഡലം സ്ഥാനാര്‍ഥി ബാലകൃഷ്ണന് പെരിയ പറഞ്ഞു.
ഇന്നലെ മുഖ്യമന്ത്രിയുടെ പരിപാടി നടന്ന പെരിയ ഗവ. സ്കൂള്‍ മൈതാനത്തേക്കുള്ള വഴിയില്‍ ബാലകൃഷ്ണന് പെരിയയുടെ സ്വന്തം വീടിന്റെ മതിലില്‍ പതിച്ചിരുന്ന പോസ്റ്ററുകളത്രയും വലിച്ചുകീറി നശിപ്പിച്ച നിലയിലാണ്.
ഇതിന് തൊട്ടുമുന്നിലായി സര്‍ക്കാര്‍ സ്ഥലത്ത് എല്‍ഡിഎഫിന്റെ തോരണങ്ങളും കെട്ടിയിട്ടുണ്ടെന്ന് ബാലകൃഷ്ണന് ചൂണ്ടിക്കാട്ടി.
അടുത്തുതന്നെ ഏതാനും ഫ്ളക്സ് ബോര്‍ഡുകളും കുത്തിക്കീറി നശിപ്പിച്ചിട്ടുണ്ട്.
രാഷ്ട്രീയ കൊലപാതകങ്ങളെ പോലും രസകരമായി ആസ്വദിക്കുന്ന മാനസികാവസ്ഥയിലുള്ളവര്‍ക്ക് എതിര്‍സ്ഥാനാര്‍ഥിയുടെ പ്രചാരണസാമഗ്രികള്‍ നശിപ്പിക്കുന്നതും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പരാജയം മണത്തുതുടങ്ങുമ്പോഴാണ് സിപിഎം സ്ഥിരമായി അക്രമത്തിന്റെ പാതയിലേക്ക് തിരിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരിലും മുളിയാറിലെ കോപ്പാളത്തും സമാനമായ രീതിയില്‍ ബാലകൃഷ്ണന് പെരിയയുടെ പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് നഗരസഭയുടെയും അജാനൂര്‍ പഞ്ചായത്തിന്റെയും പല ഭാഗങ്ങളിലും കാഞ്ഞങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. സുരേഷിന്റെ പോസ്റ്ററുകളും വലിച്ചുകീറി നശിപ്പിച്ച നിലയിലാണ്.
യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചതിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്, റിട്ടേണിംഗ് ഓഫീസര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.