തിരുവനന്തപുരം: കോൺഗ്രസ് ചൂണ്ടിക്കാണിച്ചതിനാലാണ് ഇരട്ട വോട്ട് ക്രമക്കേട് പുറത്ത് വന്നതെന്നും എല്ലാ തെളിവുകളുമുണ്ടെന്നും ശശി തരൂർ.
പല അഴിമതികളും പ്രശ്നങ്ങളും പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതാണ്. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും ശശി തരൂർ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കേരളം കടത്തിൽ മുങ്ങി നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം അഴിമതി നടക്കുന്നു. ഇടത് ഭരണത്തിൽ ജനങ്ങളെ നാണം കെടുത്തുന്ന കാര്യങ്ങളാണ് നടന്നത്.
നിക്ഷേപകർക്ക് അടിസ്ഥാന സൗകര്യം കേരളത്തിൽ ഇപ്പോഴുമില്ല. ഏകജാലകം ഫലപ്രദമല്ല. ഇന്ധനവിലകയറ്റത്തിൽ എൽഡിഎഫ് സർക്കാർ കേരളത്തിലെ ജനങ്ങളെ സഹായിച്ചില്ലെന്നും ശശി തരൂർ ആരോപിച്ചു.