കൊച്ചി: നിലമ്പൂർ രാധ വധക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നും രണ്ടും പ്രതികളായ ബിജു, ഷംസുദ്ദീൻ എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ നടപടി.
പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മഞ്ചേരി മജിസ്ട്രേറ്റ് കോടതി നേരത്തേ ഇവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
2014ലാണ് നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫിസ് തൂപ്പ്കാരിയായിരുന്ന 49 വയസ് പ്രായമുള്ള ചിറയ്ക്കൽ വീട്ടിൽ രാധ കോൺഗ്രസ് ഓഫിസിൽ കൊല്ലപ്പെട്ടത്. പിന്നീട് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രതികളെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫിസ് സെക്രട്ടറിയും മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫിലെ അംഗവുമായിരുന്നു ബിജു. ഇയാളുടെ സുഹൃത്താണ് ഷംസുദ്ദീൻ.