തൃശൂർ: മുൻ എംപി ജോയ്സ് ജോർജിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരേ കടുത്ത വിമർശനവുമായി പ്രിയങ്ക ഗാന്ധി.
ജോയ്സ് ജോർജ് കേരളത്തിലെ പെൺകുട്ടികളേയും സ്ത്രീകളേയും അപമാനിച്ചു. അതിനെതിരേ കേരളമൊന്നാകെ ഉയർന്ന പ്രതിഷേധങ്ങൾ സന്തോഷിപ്പിച്ചെന്നും പ്രിയങ്ക പറഞ്ഞു.
ജോയ്സ് ജോർജിനെക്കൊണ്ട് മാപ്പു പറയിക്കാൻ പ്രതിഷേധങ്ങൾക്കായി. യുപി മുഖ്യമന്ത്രിയിൽനിന്നാണോ സിപിഎം പ്രചാരണം പഠിച്ചതെന്നും പ്രിയങ്ക കളിയാക്കി.
ഞങ്ങൾ സ്ത്രീകൾ, എന്തു ധരിക്കണം, എങ്ങനെയൊക്കെ ജീവിക്കണം, ആരെ സ്നേഹിക്കണം, ആരെ വിവാഹം കഴിക്കണം എന്നൊന്നും ആരും പഠിപ്പിക്കാൻ വരേണ്ട.
അന്പതു ശതമാനം വരുന്ന സ്ത്രീകൾ ഇന്ത്യയുടെ ശക്തിയാണ്. ആ ശക്തിയാവും ഇനി ഇവിടത്തെ രാഷ്ട്രീയത്തേയും നിയന്ത്രിക്കുകയെന്നു പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.