നിഗേഷ് ഐസക്ക്
മൂന്നാർ: വർഷം 1957. നേരം വെളുത്തുവരുന്നതേയുള്ളൂ. ഹാർമോണിയം പെട്ടിയുമായി കുറേ പയ്യൻമാർ തേയിലത്തോട്ടത്തിലൂടെ നടന്നുപോകുന്നു….
ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർഥി സിപിഐ യിലെ റോസമ്മ പൂന്നൂസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് തമിഴ്നാട്ടിൽനിന്ന് എത്തിയതാണിവർ.
ആ നാലുപേരിൽ പതിന്നാലുകാരൻ ജ്ഞാനദേശികനാണ് പിന്നീട് ഇശൈജ്ഞാനി ഇളയരാജയായത്.സഹോദരങ്ങളാ യ ഗംഗൈ അമരൻ, ഡാനിയൽ ഭാസ്കർ, പാലവൂർ വരദരാജൻ എന്നിവരായിരുന്നു മറ്റു മൂന്നുപേർ.
വെറുതേ രണ്ടു പാട്ടുപാടി പോകാമെന്നു വിചാരിച്ചല്ല, പ്രചാരണഗാനത്തിലൂടെ സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിച്ചാണ് ഇവർ മടങ്ങിയത്.
1957ൽ ദേവികുളം മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട് കേരള നിയമസഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത വനിതാ അംഗവും ആദ്യ പ്രോടെം സ്പീക്കറുമാണ് റോസമ്മ പുന്നൂസ്.
കോടതി വിധിയിലൂടെ നിയമസഭാംഗത്വം റദ്ദായെങ്കിലും പിന്നീടു നടന്ന ഉപതെരഞ്ഞെടുപ്പിൽ വർധിതവീര്യത്തോടെ റോസമ്മ ദേവികുളം സീറ്റ് തിരിച്ചു പിടിച്ച് ചരിത്രം കുറിച്ചു.
മധുര ജില്ലയിലെ തേനി പന്നിയപുരത്ത് ദരിദ്രകർഷക കുടുംബത്തിൽ ജനിച്ച ജ്ഞാനദേശികനെ സ്കൂളിൽ ചേർക്കുന്പോൾ പിതാവ് രംഗസാമിയാണ് രാസയ്യ എന്ന പേരു നൽകിയത്.
സംഗീത ഉയരങ്ങൾ സ്വപ്നം കണ്ട് മദ്രാസിലേക്കു വണ്ടി കയറിയ രാസയ്യയ്ക്ക് അധികം വൈകാതെ അന്നക്കിളി എന്ന സിനിമയിൽ അവസരം ലഭിച്ചു.
എ.എം. രാജ എന്ന ഒരു ഗായകൻകൂടി ഉണ്ടായിരുന്നതിനാൽ അന്നക്കിളിയുടെ നിർമാതാവ് പഞ്ചു അരുണാചലമാണ് രാസയ്യയുടെ പേര് ഇളയരാജ എന്നു മാറ്റിയത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധി ഇളയരാജയെ ഇശൈജ്ഞാനി (സംഗീതകുലപതി)എന്നും വിളിച്ചു.