കൽപ്പറ്റ: പോളിംഗ് ബൂത്തിൽ തിരക്കുണ്ടോ, ഇപ്പോൾ പോയാൽ വേഗം മടങ്ങാൻ പറ്റുമോ, സാധാരണ ഒരു വോട്ടറുടെ ഈ സംശയങ്ങൾക്ക് ഒരു പരിഹാരം.
ഇതാണ് വയനാട് എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾ രൂപം കൊടുത്ത പോൾ വയനാട് എന്ന ആപ്ലിക്കേഷന്റെ പിറവിയിലേക്കു നയിച്ചത്.
രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ആപ്ലിക്കേഷൻ. ജില്ലയിൽ വെബ്കാസ്റ്റിംഗ് സംവിധാനമുള്ള 412 ബൂത്തുകളിലാണ് പോൾ ആപ്പിന്റെ സൗകര്യം ലഭ്യമാകുക.
വോട്ടിംഗ് ദിനം എത്ര ആളുകളാണ് ബൂത്തിൽ ക്യു നിൽക്കുന്നത് എന്ന് ആപ്പിലൂടെ അറിയാം.
ഇതനുസരിച്ച് തിരക്കില്ലാത്ത സമയം നോക്കി വോട്ടർക്ക് ബൂത്തിലെത്തി വോട്ടുചെയ്തു മടങ്ങാം. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് ആപ്പിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യുക.
മാനന്തവാടി എൻജിനിയറിംഗ് കോളജ്, ജില്ലാ ഭരണകൂടം, നാഷണൽ ഇൻഫർമാറ്റിക് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് ആപ്ലിക്കേഷൻ നിർമിച്ചത്.
മാനന്തവാടി എൻജിനിയറിംഗ് കോളജ് വിദ്യാർഥികളായ ഇ.പി അസ്ലം, അഭിരാം കെ. പ്രദീപ്, പി. അഭിനവ് എന്നിവരാണ് പോൾ ആപ്പ് ഡിസൈൻ ചെയ്ത്. tthsp:// wayanad.gov.in എന്ന വെബ്സൈറ്റിൽ ഏപ്രിൽ ഒന്നു മുതൽ പോൾ വയനാട് ആപ്പ് ലിങ്ക് ലഭിക്കും.
പോൾ വയനാട് ആ പ്ലിക്കേഷൻ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഇലക്ഷൻ ഒബ്സർവർമാരായ അഭിഷേക് ചന്ദ്ര, അരുണ് സിംഗ് എന്നിവർക്കു നൽകി പ്രകാശനം ചെയ്തു. വയനാട് ജില്ലയിൽ നിന്നുള്ള ഈ പരീക്ഷണത്തെ തെരഞ്ഞെടുപ്പ് നിരീക്ഷകർ പ്രശംസിച്ചു.
പോൾ ആപ്പിനു പിന്നിൽ പ്രവർത്തിച്ചവർക്കു തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി പ്രശംസാപത്രം നൽകുമെന്നു പൊതുനിരീക്ഷകനായ അഭിഷേക് ചന്ദ്ര പറഞ്ഞു.