തിരുവനന്തപുരം: ഇരട്ടവോട്ടില് ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നാലു ലക്ഷത്തിലധികം ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ഇരട്ടവോട്ടുള്ളവർ പരാതി നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പട്ടികയിൽ പേരുള്ളവരല്ല, ഉദ്യോഗസ്ഥരാണ് ഇതിന്റെ കുറ്റക്കാർ. വ്യാജ വോട്ടർമാരെ സൃഷ്ടിച്ചത് സിപിഎമ്മാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിലെ ധാരണാപത്രം റദ്ദാക്കി ഉടൻ ഉത്തരവിറക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാലു ലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ടവോട്ടർമാരുടെ പട്ടിക www.operationtwins.com എന്ന വെബ്സൈറ്റിലൂടെ പുറത്തു വിട്ടതായി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചിരുന്നു.
ഒരോ നിയോജകമണ്ഡലത്തിലുമുള്ള വിവിധ ബൂത്തുകളിൽ ചേർത്ത ഇരട്ടവോട്ടർമാരുടെ വിവരങ്ങളും അതേ വോട്ടർമാരുടെ ഫോട്ടോ ഉപയോഗിച്ചു സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളിൽ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും വോട്ടർ ഐഡിയിലും ചേർത്ത വോട്ടർമാരുടെ പേരുവിവരങ്ങളുമാണു വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്.
നിയോജകമണ്ഡലത്തിന്റെ നന്പർ, ബൂത്ത് നന്പർ, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടർ ഐഡി നന്പർ, അതേ വ്യക്തിക്ക് മറ്റു ബൂത്തുകളിലുള്ള വോട്ടിന്റെ ഐഡി നന്പർ, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്കു തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളിലുള്ള വോട്ടിന്റെ ഐഡി നന്പർ, വിലാസം എന്നിവയുടെ പട്ടികയാണ് ഈ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുള്ളത്. വെബ്സൈറ്റിലെ ഈ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.
ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ പുതിയ അപ്ഡേഷനുകളിൽ ഉണ്ടാകും. തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ വെബ്സൈറ്റിൽ ഈ വിവരങ്ങളും പുതുതായി ലഭിക്കുന്ന വിവരങ്ങളും ഉണ്ടായിരിക്കും.