തലശേരി: തലശേരി നിയോജകമണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർഥിയായ സി.ഒ.ടി. നസീറിന് എൻഡിഎ പിന്തുണ നൽകിയ സംഭവത്തിൽ ബിജെപിയിലും നസീർ നേതൃത്വം നൽകുന്ന കിവീഡ് ക്ലബിലും ഭിന്നത രൂക്ഷം.
കർഷകപ്രക്ഷോഭത്തിൽ പങ്കെടുക്കുകയും കേന്ദ്രസർക്കാരിനെതിരേ ശക്തമായി പ്രതികരിക്കുകയും ചെയ്ത വ്യക്തിക്ക് പാർട്ടി പിന്തുണ നൽകിയതിന് ഒരുവിഭാഗം ബിജെപി പ്രവർത്തകർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
പാർട്ടി നിലപാട് വിശദീകരിക്കാൻ വിളിച്ചുചേർത്ത ബിജെപി മണ്ഡലം കൺവൻഷനിൽ പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ബിജെപി സർക്കാരിനെതിരേയുള്ള കർഷകസമരത്തിൽ പങ്കെടുത്തയാൾത്തന്നെ ബിജെപി പിന്തുണ തേടിയതാണ് കിവീസ് ക്ലബംഗങ്ങളെ പ്രകോപിതരാക്കിയിരിക്കുന്നത്.
അതേസമയം തെരഞ്ഞെടുപ്പിൽ ആരുടെ വോട്ടും സ്വീകരിക്കാമെന്ന നയമാണ് ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ പേരിൽ സ്വതന്ത്രനായി മൽസരിക്കുന്ന നസീറിനുള്ളത്.
എന്നാൽ ഗാന്ധിജിയുടെ പേരിലുള്ള സംഘടനയുടെ നാമത്തിൽ മത്സരിക്കുകയും ഗാന്ധിഘാതരുടെ വോട്ട് സ്വീകരിക്കുകയും ചെയ്യുന്നത് ന്യായീകരിക്കാനാകില്ലെന്ന് കിവീസിന്റെ പ്രവർത്തകരിൽ ചിലർ ദീപികയോട് പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കിവീസ് ക്ലബ് അംഗങ്ങളിൽ സിപിഎം അനുഭാവികളും സജീവപ്രവർത്തകരുമുണ്ട്. നസീറിന്റെ സഹോദരൻ ഷബീർ സിപിഎം നേതാവും തലശേരി നഗരസഭ കൗൺസിലറുമാണ്.