ലക്സംബര്‍ഗ് സിറ്റി/ബാകു: 2022 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യമായി ഗോള്‍ നേടി. പിന്നില്‍ നിന്നശേഷം തിരിച്ചടിച്ച് പോര്‍ച്ചുഗല്‍ 3-1ന് ലക്സംബര്‍ഗിനെ തോല്‍പ്പിച്ചു.
അയര്‍ലന്‍ഡിനെ 1-0ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ലക്സംബര്‍ഗ് യൂറോ ചാമ്പ്യന്മാര്‍ക്കെതിരേ ഇറങ്ങിയത്. പോര്‍ച്ചുഗലിനെ ഞെട്ടിച്ച് ജെര്‍സണ്‍ റോഡ്രിഗസ് ലക്സംബര്‍ഗിനെ മുന്നിലെത്തിച്ചു. അയര്‍ലന്‍ഡിനെതിരേയും റോഡ്രിഗസ് ഗോള്‍ നേടിയിരുന്നു. 30-ാം മിനിറ്റില്‍ ഹെഡറിലൂടെയായിരുന്നു ഗോള്‍.
ശക്തമായി കളിച്ച പോര്‍ച്ചുഗലിനു 45+2-ാം മിനിറ്റില്‍ ഡിയോഗോ ജോട്ട സമനില നല്കി. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ ആക്രമണം ശക്തമാക്കിയതോടെ ഗോളെത്തി. ജോവോ കാന്സലോയുമായുള്ള നീക്കത്തിനൊടുവില്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിന് ലീഡ് നല്കി.
ഒരു ഗോള്‍കൂടി നേടാന്‍ റൊണാള്‍ഡോയ്ക്ക് അവസരം ലഭിച്ചതാണ്. എന്നാല്‍ താരത്തിന്റെ ഷോട്ട് നേരെ ഗോളിയുടെ കൈകളിലേക്കായിരുന്നു.80-ാം മിനിറ്റില്‍ പെഡ്രോ നെറ്റോയുടെ കോര്‍ണറിനു തലവച്ച ജോവോ പാല്ഹിഞ്ഞ പോര്‍ച്ചുഗലിന്റെ ജയമുറപ്പിച്ചു.
ജയത്തോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പഎയില് ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെര്‍ബിയ 2-1ന് അസര്‍ബൈജാനെ പരാജയപ്പെടുത്തി. സെര്‍ബിയയുടെ രണ്ടു ഗോളും അലക്സാണ്ടര്‍ മിട്രോവിച്ചിന്റെ വകയായിരുന്നു.
ഇതോടെ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റിക്കാര്‍ഡ് മിട്രോവിച്ച് ഉയര്‍ത്തി. 64 കളിയില്‍ 41 ഗോളായി താരത്തിന്റെ പേരിലുള്ളത്. യോഗ്യതാ മത്സരത്തില്‍ മൂന്നു കളിയില്‍ അഞ്ച് ഗോളാണ് നേടിയത്.