കൊച്ചി: കൊച്ചിയില്‍ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍.
ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭൂരിഭാഗം കേസുകളിലും ഉള്‍പ്പെട്ടവര്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ആണെന്നത് ആശങ്കയും ഉളവാക്കുന്നു.
കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെ 368 പരാതികളിന്മേല് 406 പേരെയാണു കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഈ കണക്കുകള്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. 18നും 30നും ഇടയില്‍ പ്രായമുള്ളവരാണു ഭൂരിഭാഗം പ്രതികളെന്നും പോലീസ് വ്യക്തമാക്കുന്നു.
സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രഫഷണലുകള്‍ വരെ ലഹരി വില്ക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും കൂട്ടത്തിലുണ്ട്.
വിദ്യാര്‍ഥികളെയടക്കം സംഘടിപ്പിച്ച് എക്സൈസ്, നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ എന്നിവരുടെ സഹകരണത്തോടെ ബോധവത്കരണം ഊര്ജിതമാക്കിയതായിഡിസിപി ഐശ്വര്യ ഡോങ്ക്രേ പറഞ്ഞു.
ഇത്രയധികം കേസുകളിലായി 26.34 കിലോ കഞ്ചാവ്, 733 എല്‍എസ്ഡി സ്റ്റാമ്പ്, 108 നൈട്രോസണ് ഗുളികകള്‍,116.59 ഗ്രാം ഹാഷിഷ് ഓയില്‍ അഞ്ചു ഗ്രാം ഹാഷിഷ്, 8,04,500 രൂപ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് 733 എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഒരുമിച്ച് പിടികൂടുന്നതും.
യോദ്ധാവ് ആപ് മുഖേന ഇതുവരെ 267 പരാതികളാണു ലഭിച്ചിട്ടുള്ളത്. ഇതില്‍ 240 പരാതികളിന്മേല് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും പോലീസ് പറഞ്ഞു.
അനധികൃത മയക്കുമരുന്ന് വിപണനം നടത്തുന്നവരുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് ഇത്തരക്കാരുടെ നീക്കങ്ങള്‍ പരാജയപ്പെടുത്തുന്നതിനുള്ള നടപടികളും പോലീസിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്.
ഇതിന്റെ ഭാഗമായി എക്സൈസ്, സിഐഎസ്എഫ്, ആര്‍പിഎഫ്, റെയില്‍വേ പോലീസ്, ഡോഗ് സ്വാഡ് എന്നിവരുടെ സഹകരണത്തോടെ റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ മെട്രോ സ്റ്റേഷന്, തുറമുഖം, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തുന്നുണ്ട്.
മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെടുന്ന പ്രതികള്‍ക്കു തക്കതായ ശിക്ഷ ഉറപ്പാക്കുന്നതിനായ കേസുകള്‍ കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക പരിശീലനവും, നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ, ഫോറന്‍സിക് ലാബോറട്ടറി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.
മയക്കുമരുന്നു സംഘങ്ങളെക്കുറിച്ചുള്ള വിവരം പൊതുജനങ്ങള്‍ക്ക് 9995966666, 9497990065, 9497980430 എന്നീ നമ്പറുകളില്‍ കൈമാറാവുന്നതാണെന്നു പോലീസ് അറിയിച്ചു.
വിവരം പങ്കുവയ്ക്കുന്നവരുടെ സുരക്ഷിത്വം ഉറപ്പാക്കിയായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും പോലീസ് വ്യക്തമാക്കുന്നു.