എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് 5 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂട് ഉച്ചസ്ഥായിയിൽ എത്തിയതോടെ കേരളം കാത്തിരിക്കുന്നത് ആ ബോംബിനെ.
കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞ ബോംബിനെയാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.
അന്തരീക്ഷത്തിൽ
ഇരുവരും ഇതേപ്പറ്റി പറഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ബോംബ് ഇതുവരെ പൊട്ടിയില്ല. പല ഊഹാപോഹങ്ങളും അന്തരീക്ഷത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
എന്നാൽ, കൃത്യമായ ഒരു സൂചനയും ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നോ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നോ ഇതുവരെ ഉണ്ടായിട്ടില്ല.
സ്വർണക്കടത്തും ഡോളർ കടത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആകും ബോംബ് എന്നാണ് ചില സൂചനകൾ.
ഡോളർ കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഈ മാസം എട്ടിന് ചോദ്യം ചെയ്യലിനായി സ്പീക്കർ പി.ശ്രീരാമകൃഷ്ണനോടു ഹാജരാകണമെന്നാവശ്യപ്പെട്ടു നോട്ടീസ് നൽകിയിട്ടുണ്ട്.
ഇതുമായിട്ട് ബന്ധപ്പെട്ട എന്തെങ്കിലുമാണോ ബോംബിനു പിന്നിലെന്നും കഥകൾ പ്രചരിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് സംരംഭങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ബോംബെന്നാണ് മറ്റൊരു കഥ. മന്ത്രിമാരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പൊട്ടാൻ പോകുന്ന ബോംബെന്നാണ് മറ്റൊരു കഥ.
പ്രതിപക്ഷവും ആകാംക്ഷയിൽ
അതേസമയം, എന്താണ് ബോംബെന്ന് കൃത്യമായി പറയാൻ പ്രതിപക്ഷ നേതാക്കൾക്ക് പോലും കഴിയുന്നില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കൈയിലാണ് ബോംബെന്നും അതല്ല കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പക്കലാണ് ബോംബ് എന്നുമാണ് കോൺഗ്രസ് നേതാക്കൾ തന്നെ മാറിമാറി പറയുന്നത്.
തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാവുന്ന പല സംഭവങ്ങളും മുൻപും പുറത്തുവന്നിട്ടുണ്ട്.
ഭരണപക്ഷവും പ്രതിപക്ഷവും പറയുന്ന ഈ ബോംബും അത്തരത്തിലുള്ളതാണോ എന്നാണ് ആണ് ഏവരും ഉറ്റുനോക്കുന്നത്.
ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫിനും ഭരണം തിരികെ പിടിക്കാൻ ശ്രമിക്കുന്ന യുഡിഎഫിനും അവസാനനിമിഷം ലഭിക്കുന്ന തുറുപ്പുചീട്ട് ആകുമോ ഈ ബോംബെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്തിട്ടും ഡോളർ കടത്ത്, സ്വർണക്കടത്ത്, ഇരട്ട വോട്ട്, ക്ഷേമ പെൻഷൻ, കിറ്റ്, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങിയവ തന്നെയാണ് ഭരണ- പ്രതിപക്ഷ കക്ഷികളുടെ ഇതുവരെ പ്രധാന പ്രചാരണ വിഷയങ്ങൾ.