സ്വന്തം ലേഖകൻ
കണ്ണൂർ: പല ആയുധങ്ങളും അണിയറയിൽ തയാറാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യാജസന്ദേശങ്ങൾ, കൃത്രിമ രേഖകളുടെ പകർപ്പുകൾ, ശബ്ദാനുകരണത്തിലൂടെ സൃഷ്ടിക്കുന്ന സംഭാഷണങ്ങൾ ഇങ്ങനെ പലതും ഇപ്പോൾ തന്നെ പ്രചരിപ്പിക്കുന്നുണ്ട്.
എൽഡിഎഫിനെതിരേ വികസന വിരോധികൾ ഒന്നിക്കുകയാണ്. വികസനത്തെകുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. ഓരോ മണിക്കൂറിലും വിവാദങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
കിഫ്ബിയെ അട്ടിമറിക്കുമെന്ന് പറഞ്ഞത് യുഡിഎഫ് കൺവീനറാണ്. ആദായനികുതി വകുപ്പിനെ പോലും ഇതിനുപയോഗിക്കുകയാണ്.
വികസന വിരോധികൾക്കുള്ള മറുപടിയായിരിക്കും കേരളത്തിന്റെ ജനവിധി. യുഡിഎഫും ബിജെപിയും ചേർന്നാണ് എൽഡിഎഫിനെ നേരിടുന്നത്. അവർ തമ്മിലുള്ള ഐക്യം ഇപ്പോൾ തുടങ്ങിയതല്ല.
വ്യക്തിപരമായ ആക്രമണങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സ്വീകരിക്കുന്നത്. ഈ സർക്കാരിനെതിരേ ഉന്നയിച്ച ഒരു ആരോപണം പോലും തെളിയിക്കുവാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല.
ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യതയാണ് തകർന്നുപോകുന്നത്. അതിന്റെ പ്രതിഫലനമാണ് കേരളത്തിലുടനീളമുള്ള എൽഡിഎഫ് അനുകൂല ജനമുന്നേറ്റത്തിൽ തെളിയുന്നത്.
അതുതന്നെയാണ് തെരഞ്ഞെടുപ്പ് സർവേകളിൽ പ്രതിഫലിച്ചത്. ആ യാഥാർഥ്യത്തിനു മുന്നിൽ പിടിവിട്ട് പോയവരുടെ അവസാനത്തെ അടവാണ് അപവാദ പ്രചാരണം.
ഇരട്ടവോട്ടിന്റെ ഉത്തരവാദിത്വം കമ്മീഷന്റേതാണ്. ഇതുവരെ പുറത്തുവന്ന ഇരട്ട വോട്ടുകൾ ഏറെയും കോൺഗ്രസുകാരുടേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.