ടി.ജി.ബൈജുനാഥ്
ഉറൂബിന്റെ ഏറെ ആരാധകരുള്ള ചെറുകഥ രാച്ചിയമ്മയ്ക്കു ഛായാഗ്രാഹകന്‍ വേണു ഒരുക്കിയ സിനിമാരൂപാന്തരം ‘രാച്ചിയമ്മ’ തിയറ്ററുകളില്‍. മൂന്നു ചെറു സിനിമകള്‍ ചേര്‍ന്ന ‘ആണും പെണ്ണും’
ആന്തോളജിയിലെ ഒരേടാണ് വേണു തിരക്കഥയും ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച ‘രാച്ചിയമ്മ’. ദയ, മുന്നറിയിപ്പ്, കാർബൺ എന്നിവയ്ക്കു ശേഷം വേണു സംവിധാനം ചെയ്ത ചിത്രം. പാര്‍വതി തിരുവോത്ത് രാച്ചിയമ്മയായും ആസിഫ് അലി കുട്ടിക്കൃഷ്ണനായും സ്ക്രീനില്‍.
കോട്ടയം രമേശ്, രാജിനി ചാണ്ടി, വിനോദ് കെടാമംഗലം തുടങ്ങിയവരാണു മറ്റു വേഷങ്ങളില്‍. എഡിറ്റിംഗ് ബീനപോള്‍. മ്യൂസിക് ബിജിബാല്‍. ആര്‍ട്ട് ജ്യോതിഷ് ശങ്കര്‍.
“ ഇതു രാച്ചിയമ്മയുടെ കഥയാണെങ്കിലും അതു പറയുന്നതു കുട്ടിക്കൃഷ്ണന്റെ കാഴ്ചപ്പാടിലാണ്. കുട്ടിക്കൃഷ്ണനാണ് കേന്ദ്രകഥാപാത്രം.
കുട്ടിക്കൃഷ്ണന് കാണുന്ന രാച്ചിയമ്മയാണ് ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥയില്‍. സിനിമയിലും അതുപോലെയാണു ചെയ്തിരിക്കുന്നത്… ” സംവിധായകന് വേണു പറയുന്നു.
‘ആണും പെണ്ണും’ സിനിമയുടെ ഭാഗമായത്..?
രാജീവ് രവിയുടെ ഐഡിയ പ്രകാരമാണ് നാലു കാലഘട്ടങ്ങളിലുള്ള നാലു കഥകള്‍ ചേര്‍ത്ത് ആന്തോളജി ചെയ്യാമെന്നു തീരുമാനിച്ചത്.
അതില്‍ ശ്രീലങ്കയില്‍ ഷൂട്ട് ചെയ്യേണ്ടിയിരുന്ന രാജീവിന്റെ സിനിമ കോവിഡ് കാരണം വേണ്ടെന്നുവച്ചു. അങ്ങനെ അതു മൂന്നു കഥകളായി. സന്തോഷ് എച്ചിക്കാനത്തിന്റെ കഥയില്‍ ജെയ് കെ സംവിധാനം ചെയ്ത സാവിത്രി നാല്പതുകളില് നടക്കുന്ന കഥയാണ്.
അറുപതുകളില്‍ നടക്കുന്ന കഥയാണു രാച്ചിയമ്മ. ഉണ്ണി ആറിന്റെ പെണ്ണും ചെറുക്കനും കഥയെ ആധാരമാക്കി ആഷിക് അബു സംവിധാനം ചെയ്ത ‘റാണി’ ഈ കാലത്തു സംഭവിക്കുന്നതാണ്.
മൂന്നു കഥകളും തമ്മില്‍ യാതൊരു ബന്ധവുമില്ലെങ്കിലും ഓരോരോ കാലഘട്ടങ്ങളില്‍ ഓരോരോ സാഹചര്യങ്ങളില്‍ ഒരോരോപ്രായങ്ങളിലുള്ള സ്ത്രീകളും പുരുഷന്മാരും തമ്മിലുണ്ടാകുന്ന ബന്ധങ്ങളാണ് എല്ലാത്തിന്റെയും പ്രമേ യം.
അവരോരോരുത്തരും അതിനെ എങ്ങനെയാണു കാണുന്നതെന്നു പറയുകയാണ് ഈ സിനിമകള്‍. ആണും പെണ്ണും എന്നതു തന്നെയാണ് പൊതുവായ പ്രമേയം.
‘രാച്ചിയമ്മ’ സിനിമയാക്കാൻ ആഗ്രഹിച്ചിരുന്നോ…?
രാജീവ് രവി അയച്ചു തന്ന കുറേ കഥകളില്‍ ഒന്നായിരുന്നു രാച്ചിയമ്മ. പണ്ടു ഞാന്‍ വായിച്ചിട്ടുള്ള കഥയാണ്. കഥ അതുപോലെ സിനിമയാക്കുകയായിരുന്നില്ല.
കഥയിലുള്ള ചില കാര്യങ്ങള്‍ സിനിമയിലില്ല. കഥയിലില്ലാത്ത ചില കാര്യങ്ങള്‍ സിനിമയിലുണ്ട്. സാഹിത്യം അതുപോലെ ഷൂട്ട് ചെയ്യുകയല്ലല്ലോ സിനിമയില്‍.
സിനിമയ്ക്ക് അതിന്റേതായ ഒരു ഭാഷയില്ലേ. സിനിമയാക്കാന്‍ അത്ര എളുപ്പമുള്ള കഥയല്ല രാച്ചിയമ്മ. സാഹിത്യത്തില്‍ ആ കഥയ്ക്കുള്ള ബ്രില്യന്‍സ് സിനിമയില്‍ കൊണ്ടുവരിക അത്ര എളുപ്പമല്ല.
കാത്തിരുപ്പിന്റെ കഥയല്ലേ ‘രാച്ചിയമ്മ’…?
കാത്തിരുപ്പിനു പല നിര്വചനങ്ങളാവാം. ചില കാര്യങ്ങളില്‍ കാലം മാറുന്നതിനനുസരിച്ച് അതിന്റെ രാഷ്്്ട്രീയ ശരിയും തെറ്റുമൊക്കെ മാറുമല്ലോ.
നമ്മള് അമ്പതു വര്‍ഷം മുമ്പു വിചാരിച്ചിരുന്ന ചില കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ നമുക്കു തന്നെ നാണക്കേടു തോന്നാറില്ലേ. കഥയിലെ ശരിതെറ്റുകള്‍…അതിലെ രാഷ്്ട്രീയം, അതിലെ സദാചാര വിശ്വാസങ്ങള്‍…ഞങ്ങള്‍ സിനിമയില്‍ അതേപടി പകര്‍ത്തിയിട്ടില്ല.
ആ കഥ അങ്ങനെ തന്നെ പകര്‍ത്തിയാല്‍ അതിന്റെ എസന്‍സ് സിനിമയില്‍ കിട്ടിക്കൊള്ളണമെന്നില്ല എന്നു തോന്നിയതുകൊണ്ട് ആ കഥയുടെ പ്രമേയത്തെ സപ്പോര്‍ട്ട് ചെയ്യാനായി ഈ കാലത്തിനു ചേരുന്ന ചില ചെറിയ മാറ്റങ്ങള്‍ വരുത്തി എന്നേയുള്ളൂ. ഈ സിനിമ പൂര്‍ണമായും എന്റെ വേര്‍ഷന്‍ അല്ല.
സദാചാര ചിന്തകളില്‍ കാലത്തിനനുസരിച്ചു മാറ്റം സ്വാഭാവികമല്ലേ..? പഴയ കാമുകന് എന്നു പറഞ്ഞു കാത്തിരിക്കുന്ന സ്ത്രീ ഒരു സ്ഥിരം കഥാപാത്രമാണ്. അക്കാലത്ത് സ്ത്രീത്വത്തിന്റെ നന്മയുടെ ലക്ഷണമായി ആളുകള്‍ പറയുന്ന ഒരു കാര്യമായിരുന്നു അത്. ഇന്ന് അങ്ങനെയാരും പറയാറില്ലല്ലോ. അങ്ങനെ വരുമ്പോള്‍ ആ പോയിന്റ് മാത്രം ഉപയോഗിച്ചു സിനിമ ചെയ്യാനാവില്ല.
കഥയിലെ രാച്ചിയമ്മ കാമുകനോടു കാണിച്ചിരുന്ന സ്നേഹം അതുപോലെ തന്നെ സിനിമയിലും തുടരുന്നുണ്ട്. അതിനുള്ള ന്യായങ്ങളില്‍ ചില ചെറിയ വ്യത്യാസങ്ങള്‍ വരുത്തി എന്നേയുള്ളൂ.
രാച്ചിയമ്മയായി പാര്‍വതി വന്നത്…?
പാര്‍വതിയെയാണ് ഞാന്‍ ആദ്യം തന്നെ മനസില്‍ കണ്ടിരുന്നത്. കാരണം, ഇതൊരു പെര്‍ഫോമന്‍സ് റോളാണ്. എക്സ്പീരിയന്‍സുള്ള, ഈ കഥാപാത്രത്തെ ഉള്‍ക്കൊണ്ടു ചെയ്യുന്ന ഒരാള്‍ക്കേ അതു സാധ്യമാകൂ.
അങ്ങനെയുള്ള കുറച്ച് ആളുകളേയുള്ളൂ നമ്മുടെയിടയില്‍. അതിലൊരാള്‍ പാര്‍വതിയാണ്. പാര്‍വതിക്കും ഈ റോള്‍ ഇഷ്ടമായി. ഈ കഥാപാത്രത്തിന്റെ ഡെവലപ്മെന്റ്സിലൊക്കെ പാര്‍വതിയുടെ ഇന്പുട്സും എനിക്കു സഹായകമായി.
കറുത്ത രാച്ചിയമ്മയായി വെളുത്ത പാര്‍വതിയെ കാസ്റ്റ് ചെയ്തതെന്തിന്, ഒരു കറുത്ത പെണ്ണിനെ എന്തുകൊണ്ടു കാസ്റ്റ് ചെയ്തില്ല എന്നൊക്കെ പലരും ചോദിച്ചു കേട്ടു. അതിനുള്ള മറുപടി…?
രാച്ചിയമ്മയുടെ കറുത്ത നിറത്തിന് യാതൊരു രീതിയിലുമുള്ള രാഷ്്ട്രീയ-സാമൂഹിക പ്രസക്തിയുമില്ലെന്ന് ഈ കഥ വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം.
കഥയില്‍ അതിനു സൗന്ദര്യലക്ഷണം അല്ലെങ്കിൽ കോസ്മറ്റിക് എന്ന രീതിയിലുളള പ്രാധാന്യം മാത്രമാണു കൊടുത്തിട്ടുള്ളത്. സ്കിന്‍ കളര്‍ വളരെ പൊളിറ്റിക്കലായ ഒരു കാര്യമാണെങ്കിലും ഈ കഥയില്‍ അത് ഒട്ടും പൊളിറ്റിക്കല്‍ അല്ല.
പശുവിനെ വളര്‍ത്തി പാലു വിറ്റ് സമ്പാദിച്ച് ബാങ്ക് ബാലന്സുമൊക്കെയായി ഗംഭീരമായി ജീവിക്കുന്ന സ്ത്രീയാണു രാച്ചിയമ്മ. അവര്‍ പണം കടം കൊടുക്കാറുണ്ട്. പലിശ വാങ്ങാറുമുണ്ട്.
അവര്‍ സ്വന്തമായി ഒരു ഇന്‍ഡസ്ട്രിയാണ്. അല്ലാതെ അടിച്ചമര്‍ത്തപ്പെട്ടവരുടെ സിംബലൊന്നുമല്ല അവര്‍ ആ കഥയില്‍. പാര്‍വതിയുടെ സ്കിന്‍ കറുപ്പിക്കേണ്ടതില്ലെന്ന് എല്ലാവരും ചേര്‍ന്ന് ആദ്യം തന്നെ തീരുമാനിച്ചിരുന്നു.
എനിക്കു കറുപ്പു നിറമുള്ള ഒരു പാര്‍വതിയെ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ കാസ്റ്റ് ചെയ്തേനെ. പക്ഷേ, കറുത്ത നിറമുള്ള ഒരു പാര്‍വതി നമുക്കില്ല.
അത് എന്തുകൊണ്ടാണ് ഇല്ലാത്തതെന്നാണ് നമ്മള് ആലോചിക്കേണ്ടത്. കറുത്ത ഒരുപാടു കുട്ടികളും അഭിനേതാക്കളും ഉണ്ടായിരിക്കും.
പക്ഷേ, പാര്‍വതിയുടെ ലെവലില്‍ അഭിനയചാതുര്യമുള്ള, പൊതുവേ ജനങ്ങള്‍ക്ക് അറിയാവുന്ന ഒരു കറുത്ത പാര്‍വതി നമ്മുടെ സിനിമയിലില്ല. ഞാന്‍ എവിടെപ്പോയി അന്വേഷിക്കും.
അപ്പോള്‍ സാഹചര്യമാണ് ഇതില്‍ ഇങ്ങനെയൊരു പ്രശ്നമുണ്ടാക്കുന്നത്. സ്കിന്‍ കളര്‍ പൊളിറ്റിക്സാകുന്നത് അവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴാണ്.
ഒരു ജോലിക്കു ചെല്ലുമ്പോള്പ്പോലും കറുപ്പെന്നതു പലപ്പോഴും ഒരു സൗന്ദര്യക്കുറവായി പലരും കരുതുന്ന ഒരു കാര്യമാണ്. ചിലപ്പോള്‍ അതിനെ ബ്രേക്ക് ചെയ്യാനായിരിക്കാം ഉറൂബ് രാച്ചിയമ്മയെ കറുപ്പാക്കിയത്.
അതേസമയം തന്നെ, കറുത്ത സുന്ദരി എന്നത് നമ്മുടെ നാട്ടില്‍ പലരുടെയും മനസില്‍ ഇറോട്ടിക് സെക്സി ഇമേജാണ്. ഞാന്‍ ആ ഇറോട്ടിക് ഇമേജിനു പിന്നാലെ പോകുന്നില്ല എന്നു തന്നെ തീരുമാനിച്ചു.
ഈ കഥയില്‍ കറുപ്പ് ഒരു കോസ്മറ്റിക് സംഭവം മാത്രമാണ്. അതിന് ഒരു പൊളിറ്റിക്സുമില്ല. പിന്നെന്തിനാണ് അതേക്കുറിച്ചു നമ്മള് വ്യാകുലപ്പെടുന്നത്.
ഇതു കറുപ്പിനു പൊളിറ്റിക്കല്‍ അര്‍ഥമുണ്ടായിരുന്ന ഒരു കഥ ആയിരുന്നെങ്കില്‍ പാര്‍വതിയെ കാസ്റ്റ് ചെയ്യാന്‍ പറ്റില്ല. അങ്ങനെയൊരാളെ കിട്ടിയില്ലെങ്കില്‍ ആ സിനിമ ചെയ്യുകയുമില്ല.
ആസിഫ് അലി ഈ സിനിമയിലെത്തിയത്…?
കഥയില്‍ ‘ഞാന്‍’ എന്നു പരാമര്‍ശിക്കുന്ന കഥാപാത്രത്തിനു സിനിമയില്‍ കുട്ടികൃഷ്ണന് എന്ന പേരു കൊടുത്തു.
ആദ്യം മറ്റൊരാളിനെയാണ് ആ റോളിലേക്ക് ആലോചിച്ചത്. ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അതു നടന്നില്ല. അപ്പോള്‍ ഞാന്‍ ആസിഫിനെ സമീപിച്ചു. ആസിഫ് സമ്മതിച്ചു.
ഞാന്‍ പ്രതീക്ഷിച്ചതിലും ഏറെ പക്വതയിലാണ് ആസിഫ് ആ വേഷം ചെയ്തത്. ആസിഫ് എന്നെ അല്പമൊന്ന് അതിശയിപ്പിച്ചു. ഡ്രാമ കൈകാര്യം ചെയ്യുന്നതു കാണുമ്പോള്‍ ഒരാര്‍ട്ടിസ്റ്റിനെ കൃത്യമായി അളക്കാനാവും.
വളരെ ഡ്രമാറ്റിക്കാണ് ഈ കഥ. നാടകീയമായിപ്പോയി എന്നു പറയിക്കാന്‍ ഒരുപാട് അവസരമൊരുക്കുന്നതാണ് ഇതിലെ ഇമോഷണല്‍ മുഹൂര്‍ത്തങ്ങള്‍. ആസിഫിന് അതു വളരെ നിയന്ത്രിതമായി കൈകാര്യം ചെയ്യാനായി.
ഇത്രയും കാലത്തിനിടെയുണ്ടായ എക്്സ്പീരിയന്സിന്റെ പ്രതിഫലനമാണത്. മുകളിലേക്കു നീങ്ങുന്ന നല്ല കരിയര്‍ ഗ്രാഫാണ് ആസിഫില്‍ കാണാനാകുന്നത്.