കണ്ണൂർ: കണ്ണൂരിന്റെ സമഗ്ര വികസനത്തിനായി രാഷ്ട്രീയം മാറ്റി വച്ച് കൈകോർത്തു പ്രവർത്തിക്കാമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ.
ദിശ കണ്ണൂർ, വെയ്ക്ക്, ടീം ഹിസ്റ്ററിക്കൽ ഫ്ലൈറ്റ് ജേർണി,കേരള ചേംബർ ഓഫ് കോമേഴ്സ്, വാക്, പോസിറ്റീവ് കമ്മ്യൂൺ, കണ്ണൂർ ഡെവലപ്പ്മെന്റ് കമ്യൂണിറ്റി, സെൽഫ് എംപ്ലോയിഡ് ട്രാവൽ ഏജന്റസ് ഓഫ് കേരള എന്നിവയുടെ കൂട്ടായ്മയായ എമർജിംഗ് കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ “റോഡ് മാപ് ടു 2026′ എന്ന പേരിൽ സ്ഥാനാർഥികളെയും രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പാനൽ ചർച്ചയിലാണ് വിവിധ രാഷ്ട്രീയ പ്രതിനിധികൾ രാഷ്ട്രീയം മാറ്റി വച്ചുള്ള വാഗ്ദാനം നൽകിയത്.
മന്ത്രിയും കണ്ണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുമായ കടന്നപ്പള്ളി രാമചന്ദ്രൻ, ഡിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാർഥി സതീശൻ പാച്ചേനി, ബിജെപി നേതാവ് എം.കെ. വിനോദ്, റബ്കോ ചെയർമാനും സിപിഎം നേതാവുമായ എൻ. ചന്ദ്രൻ എന്നിവരാണ് കണ്ണൂരിന്റെ വികസനത്തിനായി രാഷ്ട്രീയ ചിന്തകൾ മാറ്റി വച്ച് ഒന്നിക്കാൻ തയാറായത്.
കണ്ണൂരിൽ തുടങ്ങിയ നിരവധിയായ വികസന പ്രവർത്തനങ്ങൾ പാതിവഴിയിൽ ആണെന്നും നിരവധി പുതിയ പദ്ധതികൾ തുടങ്ങാനുണ്ടെന്നും പ്രഖ്യാപിച്ചത് പലതും ആരംഭിച്ചിട്ടില്ലെന്നും മോഡറേറ്ററായ ദിശ ചെയർമാൻ സി. ജയചന്ദ്രൻ ചൂണ്ടിക്കാട്ടി.
പോസിറ്റീവ് കമ്മ്യൂൺ ഫൗണ്ടർ ചെയർമാൻ കെ .പി. രവീന്ദ്രൻ, റിട്ട അഡ്മിറൽ മോഹനൻ, ദാമോദരൻ, സാജു ഗംഗാധരൻ, എം.കെ. നാസർ, ആർ.വി. ജയദേവൻ, മുതിർന്ന മാധ്യമപ്രവർത്തകരായ പി.ഗോപി, ഹരിശങ്കർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അബ്ദുൾ കാദർ പനക്കാട് ( വെയക് ), ദാമോദരൻ (കേരള ചേംബർ ഓഫ് കോമേഴ്സ് ), ഖാദർ (ദിശ കണ്ണൂർ ), മൂസശിഫ (പോസിറ്റീവ് കമ്മ്യൂൺ ), മോഹനൻ പൊന്നമ്പത്ത് എന്നിവർ പ്രസംഗിച്ചു.