സ്വന്തം ലേഖകന്‍
കോഴിക്കോട് : കോന്നിയിലും മഞ്ചേശ്വരത്തും ബിജെപിയുടെ പ്രചാരണത്തിനുവേണ്ടി “മതില്‍ചാടി’ ഫാന്‍സ് പട. ദേശീയ നേതൃത്വം ഇതുവരെ പരീക്ഷിക്കാത്ത തന്ത്രവുമായി, രണ്ടിടത്ത് മത്സരരംഗത്തിറക്കിയ കെ.സുരേന്ദ്രന്റെ പ്രചാരണത്തിനായാണ് സ്വന്തം ജില്ലവിട്ട് നേതാക്കള്‍ കൂട്ടത്തോടെ ഒഴുകി എത്തുന്നത്.
കോഴിക്കോട് നിന്നുള്ള സംസ്ഥാന -ജില്ലാ നേതാക്കളാണ് ഇരുമണ്ഡലങ്ങളിലുമായി ക്യാമ്പ് ചെയ്ത് പ്രചാരണം നയിക്കുന്നത്. ഇതിനുപുറമേ സാധാരണ പ്രവര്‍ത്തകരും ഇവിടേക്ക് എത്തി തുടങ്ങിയിട്ടുണ്ട്.
ഇതോടെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഉള്‍പ്പെടെ കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലായി മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനായി പുറത്തുനിന്നുള്ള പ്രവര്‍ത്തകരെ ഇറക്കേണ്ട അവസ്ഥയാണുള്ളത്.
ബിജെപി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, സംസ്ഥാന സമിതി അംഗം വാസുദേവന്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേശ്, കര്‍ഷക മോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.വിബിന്, മുന്‍ യുവമോര്‍ച്ച സംസ്ഥാന നേതാവ് സുധീര്‍ കുന്നമംഗലം, മുന്‍ എബിവിപി നേതാവ് വി.കെ.പ്രിയേഷ്കുമാര്‍, കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിബിന്, മീഡിയ സെക്രട്ടറി സുവര്‍ണ പ്രസാദ് എന്നിവര്‍ കോന്നിയിലെ പ്രചാരണത്തിനായി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം മഞ്ചേശ്വരത്തും കോഴിക്കോടന്‍ നേതാക്കള്‍ സജീവമായുണ്ട്. സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍കൃഷ്ണ, സംസ്ഥാന സമിതി അംഗം ശ്രീപത്മനാഭന്, ഉത്തരമേഖലാ നേതാവ് അജയ്നെല്ലിക്കോട്, മുന്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുനില്നായക് എന്നിവരാണ് പ്രചാരണത്തിനായുള്ളത്.
കെ.സുരേന്ദ്രന് സംസ്ഥാന പ്രസിഡന്റാവുന്നതിനുമുമ്പേ തന്നെ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ഫാന്‍സുകാര്‍ രംഗത്തുണ്ടായിരുന്നു. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടും സുരേന്ദ്രനു പിന്നില്‍ നിരവധി യുവാക്കളെ അണിനിരത്താനായത് കെ.എസ്. ഫാന്‍സിന്റെ നേട്ടമായാണ് കരുതുന്നത്.
ഇതേ ഫാന്‍സുകാര്‍ തന്നെയാണ് ജില്ലയ്ക്കുപുറത്ത് പ്രചാരണം നയിക്കുന്നത്. ഇതില്‍ മുതിര്‍ന്ന നേതാക്കള്‍ ക്കും മറ്റു സ്ഥാനാര്‍ഥികള്‍ക്കും അതൃപ്തിയുണ്ട്. അതേസമയം ഇപ്പോള്‍ ഇതിനെതിരേ പ്രതികരിച്ചാല്‍ അത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി മാറുമെന്നതിനാലാണ് ഇവര്‍ മൗനം പാലിക്കുന്നത്.