കണ്ണൂർ: സിപിഎമ്മിലെ വ്യക്തിപൂജയ്ക്കെതിരേ തുറന്ന വിമർശനവുമായി പി. ജയരാജൻ രംഗത്ത്.
പാർട്ടിയാണ് യഥാർഥ ക്യാപ്റ്റനെന്നും ഇവിടെ എല്ലാവരും സഖാക്കളാണെന്നും ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നംവച്ച് ഫേസ്ബുക്കിൽ കുറിച്ചു.
പിണറായിക്ക് ക്യാപ്റ്റൻ വിശേഷണം നൽകിയതുമായി ബന്ധപ്പെട്ടാണ് ജയരാജന്റെ വിമർശനം. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.
ജനങ്ങൾ പലതരത്തിലും സ്നേഹം പ്രകടിപ്പിക്കും. എന്നാൽ കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
നേരത്തേ, വ്യക്തിപൂജ വിവാദത്തെ തുടര്ന്ന് നടപടി നേരിട്ട നേതാവാണ് പി. ജയരാജൻ. ജയരാജനെ പുകഴ്ത്തി പാട്ടിറക്കിയതാണ് നടപടിക്ക് കാരണമായിരുന്നത്.
പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്
കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജനപ്രിയതയിൽ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്.
ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും.
ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല.
സഖാവ് കോടിയേരി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാർട്ടിയിൽ ‘എല്ലാവരും സഖാക്ക’ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ.
അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.