സമൂഹ മാധ്യമങ്ങൾക്കു നമ്മുടെമേലുള്ള സ്വാധീനം നാൾക്കുനാൾ വർധിക്കുന്നു. അതുപോലെതന്നെ സമൂഹമാധ്യമങ്ങളിലൂടെ താരങ്ങളായ വ്യക്തകളും നമ്മെ സ്വാധീനിക്കുന്നു.
ഈ സ്വാധീനങ്ങൾ നല്ലതാണെങ്കിലും ചിലപ്പോഴെങ്കിലും അതു വിനയായും മാറാറുണ്ട്.
ഇത്തരത്തിലൊരു സംഭവമാണ് അരലക്ഷത്തോളം സമൂഹമാധ്യമ ഉപയോക്താക്കളെ കൂട്ടഹർജി നൽകാൻ പ്രേരിപ്പിച്ചത്.
ദശലക്ഷക്കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ താരം യൂജിനിയ കൂണിക്കെതിരേയാണ് ഇവർ പരാതി നൽകിയത്.
യൂജിനിയ കൂണിയെ യൂട്യൂബിൽനിന്നു നീക്കം ചെയ്യുക എന്ന നിവേദനത്തിൽ change.org യിലൂടെ നിരവധിപേർ ഒപ്പുവച്ചു.
ആരാണ് യുജീനിയ കൂണി?
അമേരിക്കക്കാരിയായ ഇന്റർനെറ്റ് ഇൻഫ്ലുവൻസറാണ് ഇരുപത്തിയാറുകാരിയായ യുജീനിയ കൂണി.
പ്രശസ്ത സമൂഹമാധ്യമങ്ങളായ യൂട്യൂബ്, ഇൻസ്റ്റഗ്രാം, ട്വിച്ച് തുടങ്ങിയവയിലായി ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള ഇരുപതുലക്ഷത്തോളം ആളുകളാണ് യുജീനിയയെ ഫോളോ ചെയ്യുന്നത്.
250 ദശലക്ഷം വ്യൂസാണ് യുജീനിയയുടെ കണ്ടന്റുകൾക്ക് ഇതേവരെ ലഭിച്ചത്. ഇത്രയേറെ ആരാധകരുണ്ടായിട്ടും എന്താണ് യുജീനിയയ്ക്കെതിരേ പരാതി ഉയരാൻ കാരണമെന്നറിഞ്ഞാൽ ആരും ഞെട്ടിപ്പോകും.
യുജീനിയയുടെ ചാനൽ
170 സെന്റീമീറ്റർ ഉയരമുള്ള യുജീനിയയുടെ ഭാരം വെറും 38.8 കിലോഗ്രാമാണ്. എല്ലും തോലുമായ പെൺകുട്ടി. യുജീനിയയുടെ ആരോഗ്യാവസ്ഥ വളരെ മോശമാണെന്നു കാണിച്ചാണ് ഇവർക്കെതിരേ ആരാധകർ പരാതി നൽകിയിരിക്കുന്നത്.
ജീനിയയ്ക്ക് ഭാരം തീരെക്കുറവാണെന്നും അവർ എന്തോ കടുത്ത ആരോഗ്യപ്രശ്നം നേരിടുന്നുവെന്നും പരാതിയിൽ പറയുന്നു. കാഴ്ചയിൽ വളരെ അവശയായ യുജീനിയ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്നു.
ഇവരെക്കണ്ടു ചില പെൺകുട്ടികളെങ്കിലും ഭക്ഷണം കഴിക്കാതെ, വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണ്.
ഭക്ഷണം കഴിച്ചില്ലെങ്കിൽ
2019 ഫെബ്രുവരിയിൽ യുജീനിയയെ ഒരു സംഘം ആരോഗ്യപ്രവർത്തകർ പരിശോധിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തി.
72 മണിക്കൂർ നീണ്ട പരിശോധനയിൽ യുജീനിയയുടെ ശാരീരിക മാനസിക ആരോഗ്യം വിശദമായി പരിശോധിച്ചു.
ഇതേത്തുടർന്ന് അനോറെക്സിയ നെർവോസ എന്ന രോഗത്തിന് അവർ ചികിത്സ തേടി. ഭക്ഷണം കഴിക്കാതിരിക്കുന്നവർക്കുണ്ടാകുന്ന അപകടകരമായ രോഗമാണ് അനോറെക്സിയ നെർവോസ.
യുജീനിയയുടെ വീഡിയോകളും ചിത്രങ്ങളും ഈ ശീലത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ യുജീനിയയ്ക്കുണ്ടായ മാറ്റങ്ങൾ ശ്രദ്ധിച്ചാൽ അവർ അതിഭീകരമാം വിധം രോഗത്തിന്റെ പിടിയിലാണെന്ന് മനസിലാക്കാം.
ലോകജനസംഖ്യയിൽ ഒൻപതു ശതമാനം ആളുകൾ ഈ രോഗത്തിന് അടിമകളാണ്. ഇത്തരത്തിൽ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാതെ മുന്നോട്ടു പോകുകയാണെങ്കിൽ അവർക്ക് സ്വന്തം ജീവൻപോലും നഷ്ടപ്പെടുമോ എന്നു ഭയക്കുന്നതായും പരാതിയിൽ പറയുന്നു.
ശരീര സൗന്ദര്യവുമായി ബന്ധപ്പെട്ടു തെറ്റായ സന്ദേശം യുജീനിയ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതായും ചിലർ സംശയം പ്രകടിപ്പിച്ചു.
എന്നാൽ, തന്നെക്കുറിച്ചോർത്ത് ആരും ആകുലപ്പെടേണ്ടതില്ലെന്നും യാതൊരു വിധ ശാരീരിക പ്രശ്നങ്ങളും തന്നെ അലട്ടുന്നില്ലെന്നും യുജീനിയ പറയുന്നു.
തന്റെ ആരോഗ്യകാര്യത്തെക്കുറിച്ച് ആശങ്കയുയർത്തുന്നവരും പരാതി നൽകുന്നവരും തന്റെ ആരാധകരല്ല, മറിച്ച് തന്നെ വെറുക്കുന്നവരും അസൂയാലുക്കളുമാണെന്നുമാണ് യുജീനിയയുടെ അഭിപ്രായം.