പറവൂർ: ആത്മഹത്യാകുറിപ്പ് എഴുതിവച്ചശേഷം പുഴയിൽ ചാടിയതായി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച യുവതിയായ വീട്ടമ്മയെ പിന്നീട് ബന്ധുവീട്ടിൽ കണ്ടെത്തി.
തുരുത്തിപ്പുറം സ്വദേശിനിയാണ് വിദേശത്തുള്ള ഭർത്താവിനോടുള്ള പിണക്കത്തിന്റെ പേരിൽ ആറ്റിൽ ചാടൽ നാടകം നടത്തിയത്.
ഭർത്താവ് വെള്ളിയാഴ്ച രാവിലെ യുവതിയെ ഫോണിൽ വിളിക്കുകയും ഇവർ തമ്മിലുള്ള സംസാരത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും ചെയ്തിരുന്നു.
തുടർന്ന് വീട്ടിൽനിന്നു പുറപ്പെട്ട യുവതി കോട്ടപ്പുറം -മൂത്തകുന്നം പാലത്തിൽനിന്നു ചാടുകയാണെന്ന് വീട്ടുകാരെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു.
ഉടനെ സ്ഥലത്തെത്തിയ വീട്ടുകാർക്ക് യുവതിയെ കണ്ടെത്താനായില്ലെങ്കിലും പാലത്തിന്റെ മധ്യഭാഗത്തെ കൈവരിക്ക് സമീപത്തുനിന്നു ഫോണും ആത്മഹത്യാ കുറിപ്പും ലഭിച്ചു.
യുവതിയെ പാലത്തിനു സമീപം കണ്ടവരുണ്ടെങ്കിലും ചാടിയത് കണ്ട ദൃക്സാക്ഷികൾ ഇല്ലായിരുന്നു. പുഴയിൽ മത്സ്യബന്ധനം നടത്തിയിരുന്നവരും ഇക്കാര്യം വ്യക്തമാക്കിയെങ്കിലും യുവതിക്കായി സ്കൂബ ഡൈവിംഗ് ടീം ഉൾപ്പെടെ പുഴയിൽ പരിശോധന നടത്തി.
മണിക്കുറുകൾ നീണ്ട പരിശോധനയിൽ ഫലം കാണാതിരിക്കെയാണ് യുവതി അഴിക്കോടുള്ള ബന്ധുവീട്ടിൽ ഉള്ളതായി വീട്ടുകാർക്ക് വിവരം ലഭിക്കുന്നത്.