കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും നിറഞ്ഞ പരസ്യ പ്രചാരണത്തിന് ഞായറാഴ്ച വൈകുന്നേരത്തോടെ സമാപനം. കേരളത്തിൽ കലാശക്കൊട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനവും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് നിരോധനം. ഇന്നു മുതൽ ബൈക്കി റാലി നടത്തുന്നതിനും അനുമതിയില്ല.
നാളെ വൈകുന്നേരം ആറു വരെയാണ് പരസ്യ പ്രചാരണത്തിനുള്ള അനുമതിയുള്ളത്. അതിനുശേഷം പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ പാടില്ല. ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കും.
വാഹന പരിശോധന
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യപ്രചരണത്തിന് സമാപനം കുറിച്ച് നടക്കുന്ന കൊട്ടിക്കലാശം നിരോധിച്ചതോടെ കർശന നിയന്ത്രണവുമായി പോലീസ് രംഗത്ത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്നുമുതൽ ജില്ലയിൽ കനത്ത സുരക്ഷയൊരുക്കാൻ പോലീസ് തീരുമാനിച്ചു.
കൊട്ടിക്കലാശം നിരോധിച്ചതോടെ മറ്റു പേരുകളിൽ അളുകൾ കൂട്ടം കൂടിയുള്ള പ്രചാരണ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.
ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ കേരള പോലീസിന് പുറമെ കേന്ദ്രസേനയേയും വിന്യസിപ്പിക്കും.
പോലീസ് നിർദേശം പാലിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വൈകുന്നേരം ആറിനുള്ളിൽ പരസ്യപ്രചാരണം അവസാനിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം ലംഘിക്കുന്നവർക്കെതിരേ കേസെടുക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് രാത്രിവരെയും സുരക്ഷ തുടരും. വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
നിയന്ത്രണം ലംഘിക്കുന്നത് ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് പോലീസ് അറിയിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളോട് ഈ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
കുട്ടികളെ ഉപയോഗിക്കരുത്
കണ്ണൂർ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾ, പ്രചാരണം, പ്രചാരണ സാമഗ്രികൾ കൊണ്ടുപോവുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
കുട്ടികളെ കൊണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി.
ബൈക്ക് റാലി വേണ്ട
കണ്ണൂർ: ഇന്നു മുതൽ തെരഞ്ഞെടുപ്പ് ദിവസമായ ആറു വരെ ബൈക്ക് റാലികൾ നിരോധിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ജില്ലയിൽ മുന്നണികൾ ഇന്ന് ബൈക്ക് റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ബൈക്ക് റാലിക്ക് പോലീസ് അനുമതി നൽകിയിട്ടില്ല. നിർദേശം ലംഘിക്കുന്നവർക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.