സ്വന്തം ലേഖകൻ
തൃശൂർ: മൂന്നാഴ്ചയിലേറെയായി തൃശൂർ നഗരത്തിലെ ജനങ്ങൾക്കു കുടിവെള്ളം വെറും ചളിവെള്ളം. ഏതാനും ദിവസം കുടിവെള്ളം മുടങ്ങുകയും ചെയ്തു.
വൻതുക മുടക്കി ലോറികളിൽ വെള്ളം വാങ്ങി നഗരവാസികൾ തുലഞ്ഞ അവസ്ഥ. ചളിവെള്ളം വിതരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോർപറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലർമാർ കോർപറേഷൻ ഓഫീസനു മുന്നിൽ സമരം നടത്തി.
തൃശൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പത്മജ വേണുഗോപാലും സമരത്തിൽ പങ്കെടുത്തു.
പീച്ചിയിൽ 140 കോടി രൂപ മുടക്കി 20 എംഎൽഡി ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചു പ്രവർത്തനം ആരംഭിച്ചതിനു പിറകേയാണ് നഗരവാസികളുടെ കുടിവെള്ളം മുടങ്ങിയത്.
ദിവസേനം 200 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാവുന്ന പ്ലാന്റാണിത്. ഇതോടെ മൊത്തം 700 ലക്ഷം ലിറ്റർ വെള്ളം ദിവസേന ശുദ്ധീകരിക്കുന്നുണ്ട്.
ജലശുദ്ധീകരണത്തിനു പുതിയ വന്പൻ പ്ലാന്റ് സ്ഥാപിച്ചെങ്കിലും ശുദ്ധീകരിച്ച ജലം തൃശൂർ നഗരത്തിൽ എത്തിക്കാൻ കൂടുതൽ വ്യാസമുള്ള പൈപ്പുലൈൻ സ്ഥാപിച്ചിട്ടില്ല.
പഴയ പൈപ്പുലൈനിലൂടെതന്നെയാണ് വെള്ളം കടത്തിവിടുന്നത്. മൂന്നാമത്തെ പൈപ്പു ലൈൻ സ്ഥാപിച്ചാലേ പീച്ചിയിൽ ശുദ്ധീകരിക്കുന്ന മുഴുവൻ വെള്ളവും തൃശൂർ നഗത്തിൽ എത്തിക്കാനാകൂ.
തൃശൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം വിതരണം ചെയ്യാൻ 136 കോടി രൂപ മുടക്കി അമൃത് പദ്ധതിയനുസരിച്ച് പൈപ്പുലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. നിരവധി പേർക്കു സൗജന്യ പൈപ്പു കണക്ഷൻ നൽകുകയും ചെയ്തു.
എന്നാൽ ഈ പൈപ്പുകളുടെ ഉൾവശം നനയാനുള്ള വെള്ളംപോലും വരുന്നില്ല. കുടിവെള്ള പൈപ്പിലൂടെ വരുന്ന ചളിവെള്ളം ശുചിമുറികളെപോലും മലിനമാക്കിയിരിക്കുകയാണ്.
കുടിവെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം മേയറുടെ നേതൃത്വത്തിൽ കഴിഞ്ഞ മാർച്ച് 25 നു വാട്ടർ അഥോറിറ്റി ഓഫീസിനു മുന്നിൽ സമരം നടത്താനിരുന്നതാണ്.
എന്നാൽ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുടെ അഭ്യർഥന മാനിച്ച് സാവകാശം നൽകുകയാണെന്നു പറഞ്ഞ് മേയറും ഭരണപക്ഷമായ എൽഡിഎഫും സമരത്തിൽനിന്നു പിന്മാറി. കോണ്‍ഗ്രസ് അംഗങ്ങൾ പ്രതിഷേധ സമരം നടത്തുകയും ചെയ്തിരുന്നു.
കുടിക്കാൻ ശുദ്ധജലം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലർമാർ നടത്തിയ സമരത്തിനു മുൻ മേയറും പ്രതിപക്ഷ നേതാവുമായ രാജൻ പല്ലൻ, കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലാലി ജയിംസ്, എൻ.എ. ഗോപകുമാർ, ഇ.വി. സുനിൽരാജ്, കെ. രാമനാഥൻ, ജയപ്രകാശ് പൂവത്തിങ്കൽ തുടങ്ങിയവരും കോണ്‍ഗ്രസ് നേതാവും മുൻ മേയറുമായ ഐ.പി. പോളും നേതൃത്വം നൽകി.