അല്ല നിങ്ങള്‍ ഇരിങ്ങാലക്കുടയുള്ള ആളല്ലേ….
അതേ…
ഇയാളോ….അതും അതെ…
കൊടുങ്ങല്ലൂര്‍ നിറച്ച് ഇപ്പോൾ ഇരിങ്ങാലക്കുടക്കാരാ….
കാരണം ഇരിങ്ങാലക്കുടയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് വന്ന സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ ഇരിങ്ങാലക്കുടയിൽ നിന്നല്ലേ ആളു വരേണ്ടത്…അപ്പോൾ ഇരിങ്ങാലക്കുടയിലെ സ്ഥാനാർത്ഥിയോ…അതിന് അവിടെ ആളുണ്ട് എന്നാണ് കോണ്‍ഗ്രസുകാർ പറയുന്നത്.
ഇരിങ്ങാലക്കുടയിൽ നിന്ന് കൊടുങ്ങല്ലൂരിലെത്തിയ സ്ഥാനാർത്ഥികൾ ഒന്നല്ല രണ്ടാണ് ഇവിടെ. താമരപ്പൂ വിരിയിക്കാനെത്തിയ കുളം പേരിലുള്ള ആളും ഇവിടെയുണ്ട്.ആൾക്കു വേണ്ടിയും ഇരിങ്ങാലക്കുടയിൽ നിന്നാളുകളെത്തിയിട്ടുണ്ട്
മണ്ഡലം കഴിഞ്ഞതവണ കാത്തു സൂക്ഷിച്ചയാൾ ഇത്തവണയും പോരാട്ടവീര്യത്തിലാണ്.ത്രികോണ മത്സരം ത്രികോണ മത്സരം എന്ന് വെറുതെ പറയുന്നതല്ല…ശരിക്കും ത്രികോണമത്സരം തന്നെയാണിവിടെ.
സീറ്റ് നമ്മുടെയാണേലും സീറ്റ് നമ്മുടെയല്ല !!
ചാലക്കുടിക്കാരൻ ചങ്ങാതി അന്നും ഇന്നും കലാഭവൻ മണിയാണെങ്കിലും ഇക്കുറി തെരഞ്ഞെടുപ്പിൽ ചാലക്കുടിക്കാരൻ ചങ്ങാതി ആരാണെന്നറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും.
പണ്ടെങ്ങുമില്ലാത്ത വിധമായിരുന്നു ഇത്തവണ ചാലക്കുടിയിൽ സ്വജനസ്നേഹം ഒരു കൂട്ടർക്ക്.
എന്തായാലും ചാലക്കുടിക്കാരൻ തന്നെ വേണം ഇവിടെ മത്സരിക്കാനെന്ന ആഗ്രഹവുമായി രണ്ടു കൂട്ടർ ഒരു പാർട്ടിക്കായി രംഗത്തിറങ്ങിയപ്പോൾ പുറത്തുനിന്നു വന്നവൻ സീറ്റും കൊണ്ടുപോയി എന്നതാണ് ചാലക്കുടി കഥ.
മറ്റൊരു കൂട്ടരാണെങ്കിൽ ഉള്ള സീറ്റിൽ ആരും കരുതാത്തൊരു സ്ഥാനാർത്ഥി വന്ന ഷോക്കിലുമായി. പാർട്ടി നേതാവിന്റെ അടുത്ത് പരാതിയും പരിഭവവുമായി ചെന്നപ്പോൾ പാർട്ടി നേതാവ് പറഞ്ഞത്രെ അത് നമ്മുടെ സീറ്റാണെങ്കെിലും നമുക്കുള്ള സീറ്റല്ല…..
അതു കേട്ട് പ്രവർത്തകർ പരാതിക്കെട്ട് സഞ്ചിയിലിട്ട് ചാലക്കുടിയിലേക്ക് തിരിച്ചുവന്നുവെന്നാണ് കഥ.
ദേശീയനേതാക്കൾ ഡൽഹിയിൽ നിന്ന് കേരളത്തിലെന്പാടും വരുന്നുണ്ടെങ്കിലും ഈ ചാലക്കുടി വഴിക്കൊന്ന് വരുന്നില്ലല്ലോ എന്നൊരു പരാതി താമരപ്പൂക്കൾക്കിടയിൽ നിന്നും കേട്ടു.
എന്തായാലും എതിർശബ്ദം മുഴക്കിയ എല്ലാവരേയും ശാന്തരാക്കിയ കോണ്‍ഗ്രസ് നേതൃത്വത്തിന് കയ്യടിയുണ്ട്.
ഇടതുപക്ഷത്തേക്ക് ചേക്കേറിയ ജോസ് കെ മാണി ചാലക്കുടി പുഴ വിജയകരമായി നീന്തിക്കടക്കുമോ എന്നതാണ് കാത്തിരിക്കുന്ന കൗതുകം.