ആലപ്പുഴ: എംഎൽഎയും കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരിയുമായ പി.സി. ജോർജിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ജനപക്ഷം വർക്കിംഗ് ചെയർമാൻ എസ്. ഭാസ്കരപിള്ള പറഞ്ഞു.
തെരഞ്ഞെടുപ്പിൽ യുഡിഎഫിനു പിന്തുണ നൽകുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.
യുഡിഎഫ് നേതൃത്വവുമായി ചർച്ച ചെയ്ത് ലഭിക്കുന്ന സീറ്റിൽ മത്സരിക്കണമെന്ന തീരുമാനം ലംഘിച്ച്, പാർട്ടി നിയമിച്ച സമിതിയെപ്പോലും നോക്കുകുത്തിയാക്കി ഏകപക്ഷീയമായി പി.സി. ജോർജ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതാണ് തിരുമാനത്തിനു വഴിയൊരുക്കിയതെന്നും ഭാസ്കരപിള്ള പറഞ്ഞു.
വൈസ് ചെയർമാൻ റജി കെ. ചെറിയാൻ, ജനറൽ സെക്രട്ടറി ജയൻ മന്പുറം, ട്രഷറർ എൻ.എ. നജുമുദ്ദീൻ തുടങ്ങിയവരും പങ്കെടുത്തു.
ജനപക്ഷത്തിന് എല്ലാ പിന്തുണയും നൽകി ഒപ്പം നിർത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ ഡിസിസി ആക്ടിംഗ് പ്രസിഡന്റുമായ എ.എ. ഷുക്കൂർ അറിയിച്ചു.
എസ്. ഭാസ്കരപിള്ളയാണ് പുതിയ ചെയർമാൻ. കെ.കെ. ചെറിയാനാണ് (തിരുവനന്തപുരം) വർക്കിംഗ് ചെയർമാൻ.