ബെൽഗ്രേഡ്: ഫിഫ 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിനിടെ ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡ് ലേലത്തിൽപോയത് 55 ലക്ഷം രൂപയ്ക്ക്. സെർബിയൻ സ്റ്റേറ്റ് ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നട്ടെല്ല് സംബന്ധമായ ഗുരുതര രോഗം ബാധിച്ച ആറു മാസം പ്രായമുള്ള ഗവ്റിലൊ എന്ന കുട്ടിയുടെ വിദഗ്ധ ചികിത്സയ്ക്കാണ് പോർച്ചുഗൽ ക്യാപ്റ്റന്റെ ആം ബാൻഡ് ലേലം ചെയ്തതിലൂടെ ലഭിച്ച തുക ഉപയോഗിച്ചത്.
സെർബിയൻ ജീവകാരുണ്യ സംഘടനയായിരുന്നു ലേലം നടത്തിയത്. മാർച്ച് 28ന് ബെൽഗ്രേഡിൽവച്ചു നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സെർബിയയും പോർച്ചുഗലും 2-2 സമനിലയിൽ പിരിഞ്ഞിരുന്നു.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷമായിരുന്നു റൊണാൾഡോ ഗോൾ നേടിയത്. ഗോൾ ലൈൻ കടന്ന പന്ത് സെർബിയൻ പ്രതിരോധതാരം രക്ഷപ്പെടുത്തിയതോടെ റഫറി ഗോൾ അനുവദിച്ചില്ല.
ഇതിൽ പ്രതിഷേധിച്ച് റൊണാൾഡോ ആം ബാൻഡ് വലിച്ചെറിഞ്ഞ് കളം വിട്ടു. സ്റ്റേഡിയത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്നിശമന സേന ഉദ്യോഗസ്ഥൻ ടച്ച് ലൈനിന് അരികെ കിടന്ന ആം ബാൻഡ് കണ്ടെത്തുകയും ജീവകാരുണ്യ സംഘടനയ്ക്കു കൈമാറുകയുമായിരുന്നു. ഓണ്‍ ലൈനായാണ് ലേലം നടന്നത്.
ഗോൾ ലൈൻ സാങ്കേതിക വിദ്യ, വിഎആർ എന്നിവ ഇല്ലാതെയാണ് മത്സരം നടന്നത്. ഇത് വൻ വിമർശനങ്ങൾക്കും ചർച്ചയ്ക്കും വഴിവച്ചു.
മത്സരം നിയന്ത്രിച്ച ഡച്ച് റഫറി ഡാനി മക്കലി പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസിനോടും റൊണാൾഡോയോടും ക്ഷമാപണം നടത്തിയിരുന്നു.