സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ പ്രതിദിന കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 89,129 ആയി ഉയർന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 20നു ശേഷമുണ്ടായ ഏറ്റവും ഉയർന്ന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 714 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോർട്ടിൽ പറയുന്നു.
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, കേരളം, ഛത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്നത്. രാജ്യത്തെ 90 ശതമാനം കോവിഡ് രോഗികളും 11 സംസ്ഥാനങ്ങളിലാണ്.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം ആശങ്ക ഉണർത്തുന്നതാണെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിൽ കൂടിയ യോഗം വിലയിരുത്തി.
കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, പരിശോധനകളുടെ എണ്ണം വർധിപ്പിക്കുക, സന്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തുക, ഐസൊലേഷൻ സജ്ജമാക്കുക, വാക്സിനേഷൻ വർധിപ്പിക്കുക തുടങ്ങിയവ കാര്യക്ഷമമാക്കണമെന്നു സംസ്ഥാനങ്ങളോടു നിർദേശിച്ചു.
മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 47,827 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹിയിൽ രണ്ടു ദിവസമായി 3500-നു മുകളിലാണ് പ്രതിദിന കോവിഡ് നിരക്ക്.
മുംബൈയിൽ മാത്രം ഇന്നലെ 8648 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിലുള്ള സ്ഥിതി തുടരുകയാണെങ്കിൽ സംസ്ഥാനത്ത് സന്പൂർണ ലോക്ക്ഡൗണിനെക്കുറിച്ച് ആലോചിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
അതേസമയം, രാജ്യവ്യാപകമായി ലോക്ക്ഡൗണിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നുമാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.