തലക്കെട്ട് വായിച്ചിട്ട് അദ്ഭുതം തോന്നുന്നുണ്ടോ? എന്നാൽ, സംഗതി തമാശയല്ല.
വ്യായാമമോ സർജറിയോ നടത്താതെ മനസിനെ ചില പ്രത്യേക രീതിയിൽ പാകപ്പെടുത്തുന്നതിലൂടെ വണ്ണം കുറയ്ക്കാമെന്നു തെളിയിച്ചിരിക്കുകയാണ് ടെലവിഷൻ അവതാരകനും ഹിപ്നോട്ടിസ്റ്റുമായ പോൾ മക്കെന.
മെലിഞ്ഞ് സ്ലിംഗ് ആകാൻ ആഗ്രഹിക്കുന്നവരെ അങ്ങനെയാക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്.
വെറുതെ പറയുക മാത്രമല്ല ഇദ്ദേഹത്തിന്റെ പദ്ധതിയിൽ പങ്കെടുത്തു വണ്ണം കുറച്ചവരുടെ സാക്ഷ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പലരും വണ്ണം കുറയ്ക്കാൻ പല ഭക്ഷണങ്ങളും ഒഴിവാക്കിയും വിവിധ ഡയറ്റുകൾ പരീക്ഷിച്ചും കഠിന വ്യായാമം ചെയ്തുമൊക്കെയാണ് സ്ലിം ആകുന്നത്.
എന്നാൽ, പോൾ മക്കെന പറയുന്നതു ലളിതമായ മാനസിക തന്ത്രങ്ങളിലൂടെ ഭക്ഷണവുമായുള്ള ബന്ധത്തെ മാറ്റാമെന്നും ആരോഗ്യത്തെ വീണ്ടെടുക്കാമെന്നുമാണ്.
ഈ മാർഗംവഴി ലജ്ജയോ കുറ്റബോധമോ തോന്നാതെ സന്തോഷത്തോടെയിരിക്കാൻ കഴിയുമെന്നും ആത്മവിശ്വാസമുള്ളവരാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
82 കിലോ കുറച്ചു!
പോൾ മക്കെനയുടെ ഈ തന്ത്രങ്ങൾ പരീക്ഷിച്ചു തന്റെ 82 കിലോഗ്രാം ഭാരം കുറഞ്ഞതായി ഒരു സ്ത്രീ വെളിപ്പെടുത്തിയിരുന്നു. മെലിഞ്ഞിരിക്കാനാഗ്രഹിക്കുന്നത് ഒരു മാനസികാസ്ഥയാണ്.
30 വർഷമാണ് ഈ രംഗത്ത് പോൾ ഗവേഷണം നടത്തിയത്. ഭക്ഷണത്തെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളും അതിന്റെ ഫലമായ പ്രവൃത്തികളുമാണ് വ്യത്യാസം ഉണ്ടാക്കുന്നത്.
എപ്പോഴും ഭക്ഷണത്തെക്കുറിച്ചു ചിന്തിക്കുകയും ആകുലപ്പെടുകയും ചെയ്യുന്ന ഒരാൾക്കു സ്വാഭാവികമായി വിശപ്പും ഭക്ഷണത്തോടുള്ള താത്പര്യവും കൂടുകയും കഴിക്കുന്നതു കൂടുകയും ചെയ്യും.
അത്യാവശ്യമില്ലാത്തപ്പോഴും ഭക്ഷണത്തെക്കുറിച്ചു സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരുടെ ശരീരം സ്വാഭാവികമായി കൂടുതൽ ഭക്ഷണം സ്വീകരിക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കും. അവരറിയാതെ വണ്ണം വയ്ക്കുകയും ചെയ്യും.
അതിനാൽ മനസിനെ ഭക്ഷണപ്രിയത്തിൽനിന്നു മോചിപ്പിക്കുകയാണ് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത്.
ശരീര ഭാരം കുറയ്ക്കണോ? ഈ നാലു സുവർണ നിയമം പാലിക്കണം
1. വിശക്കുന്പോൾ കഴിക്കുക
യഥാർഥ വിശപ്പും വൈകാരിക വിശപ്പും തിരിച്ചറിയുക. ശാരീരിക വിശപ്പ് ക്രമേണ വരുന്നതാണ്. ഉച്ചഭക്ഷണത്തിനു ചിക്കൻ കഴിക്കാം എന്ന തോന്നലിൽ ആരംഭിച്ചു ക്രമേണ വളരുന്നതാണ് യഥാർഥ വിശപ്പ്.
വൈകാരിക വിശപ്പ് പെട്ടെന്നാണ് ഉണ്ടാകുന്നത്. “എനിക്ക് ബോറടിക്കുന്നു, ഞാൻ ഫ്രിഡ്ജ് തുറക്കും എന്തെങ്കിലും കഴിക്കും”. അല്ലെങ്കിൽ അസ്വസ്ഥതയും ടെൻഷനും മാറ്റാൻ ഭക്ഷണം കഴിക്കുന്നവരുമുണ്ട്.
വൈകാരികവും ശാരീരികവുമായ വിശപ്പിനെ വേർതിരിച്ചറിയുക എന്നതാണ് പ്രധാനം. ശാരീരിക വിശപ്പിനെ സ്വീകരിക്കുക.
2: ആഗ്രഹിക്കുന്നതു കഴിക്കുക
ആഗ്രഹിക്കുന്നതെന്തും കഴിക്കണം. പക്ഷേ, അമിതമായി കഴിക്കരുത്. ഒന്നും വിലക്കപ്പെട്ട ഭക്ഷണമല്ല. ഓരോരുത്തർക്കും നല്ലതെന്നു തോന്നുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കുക.
3: ബോധപൂർവം കഴിക്കുക
ഭക്ഷണം കഴിക്കുന്പോൾ ബോധപൂർവം കഴിക്കാൻ ശ്രദ്ധിക്കാം. ഇതുവഴി അമിതമായി കഴിക്കില്ല.
വയർ നിറയുന്പോൾ തലച്ചോർ തരുന്ന സിഗ്നൽ നിങ്ങൾ അറിയും. വായ നിറഞ്ഞിരിക്കുന്പോൾ കത്തിയും ഫോർക്കും താഴെ വയ്ക്കാൻ ശ്രദ്ധിക്കണം. ഇതുവഴി ശരീരം എന്താണ് ചെയ്യുന്നതെന്നുകൂടി മനസിലാക്കാം.
ഏറ്റവും സ്വസ്ഥമായി വേണം ഭക്ഷണം കഴിക്കാൻ. ടിവി ഓഫാക്കണം. കംപ്യൂട്ടറും ഫോണുമൊക്കെ മാറ്റിവയ്ക്കണം.
4: സാവധാനം കഴിക്കുക
വേഗത്തിൽ ഭക്ഷണം കഴിക്കുന്പോൾ, ആമാശയം നിറഞ്ഞുവെന്നു തലച്ചോറിനോടു പറയുന്ന സിഗ്നൽ നിങ്ങൾക്കു നഷ്ടമാകും.അതുകൊണ്ടു സാവധാനം കഴിക്കുക.
ജാനറ്റ് വണ്ണം കുറച്ച വിധം
ജാനറ്റ് ജോണ്സണ് എന്ന നാൽപ്പത്തിനാലുകാരി തന്റെ 146 കിലോ ഗ്രാം ഭാരത്തെ 63 കിലോയിലേക്ക്് എത്തിക്കാനുള്ള പ്രചോദനം പോൾ മക്കെനയുടെ “ഐ കാൻ മേക്ക് യു തിൻ” എന്ന ബുക്കായിരുന്നു.
നേരത്തെ നിരവധി ഡയറ്റ് പ്ലാനുകൾ പരീക്ഷിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. അസന്തുഷ്ടയായിരുന്ന അവളെ രക്ഷിച്ചത് പോൾ മക്കെനെയുടെ തന്ത്രങ്ങളാണ്.
ജാനറ്റിന്റെ അരക്കെട്ടിന്റെ വലുപ്പം 137 സെന്റിമീറ്ററിൽനിന്നു 71 സെന്റിമീറ്ററായി കുറഞ്ഞു. വിൽറ്റ്സിലെ സ്വിൻഡോണിലെ ജാനറ്റ് ഇപ്പോൾ 15 വയസുള്ള മകൻ ജോയ്ക്കൊപ്പം സന്തോഷവതിയായി കഴിയുന്നു.
സൗഹൃദ കണ്ണാടി
സ്വയമുള്ള വെറുപ്പും വൈകാരികവുമായ വിശപ്പും ഒഴിവാക്കാനും ശ്രമം വേണം.
പലരും രാവിലെ കണ്ണാടിയിൽ നോക്കുകയും തടിച്ച മുഖം, തടിച്ച കൈകൾ, തടിച്ച കാലുകൾ, കൊഴുപ്പ് അടിഞ്ഞ വയർ എന്നിങ്ങനെ സ്വയം പറയുകയും ചിന്തിക്കുകയും ചെയ്യും. ഈ രീതി അവസാനിപ്പിക്കണം.
നിങ്ങൾ കണ്ണാടിയിൽ നോക്കുന്പോഴെല്ലാം നിങ്ങളെക്കുറിച്ചു നന്നായി പറയുക. ഇതുവഴി സ്വയം വെറുപ്പ് ഇല്ലാതാക്കാം.
ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അതായതു നിങ്ങൾ ഭക്ഷണം ചവയ്ക്കുന്നതിന്റെ വേഗം നാലിലൊന്നു കുറയ്ക്കുക, ഓരോ വായയും 20 തവണ ചവയ്ക്കുക. മാറ്റങ്ങൾ നിങ്ങളെ തേടിവരും.