ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദക്ഷിണ ബസ്തർ വനമേഖലയിൽ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ കാണാതായ സിആർപിഎഫ് കോണ്‍സ്റ്റബിളിനുവേണ്ടി തെരച്ചിൽ തുടരുന്നു.
മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ കോണ്‍സ്റ്റബിൾ രാകേശ്വർ സിംഗ് മൻഹസിനെ കണ്ടെത്താൻ വ്യോമ നിരീക്ഷണവും തുടരുന്നുണ്ട്.
അതേസമയം ഇദ്ദേഹത്തെ വിട്ടയയ്ക്കാമെന്നും ചർച്ചകൾക്കു തയാറാണെന്നും മാവോയിസ്റ്റുകൾ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
രാകേശ്വർ ജീവനോടെയുണ്ടെന്നും ഉപദ്രവിക്കില്ലെന്നും മാവോയിസ്റ്റുകൾ നേരത്തേ സന്ദേശം നൽകിയിരുന്നു.
എന്നാൽ മോചനം എന്നുണ്ടാവുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്ന് സേനാ വൃത്തങ്ങൾ പറയുന്നു.
ഈ പ്രദേശത്ത് മാവോയിസ്റ്റുകളുടെ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ സാന്നിധ്യം തെരച്ചിലിനു തടസമാണ്.
ഏറ്റുമുട്ടലിനെ തുടർന്ന് സൈന്യം തിരിച്ചടിക്കുമെന്നുള്ള ഭീഷണി ഒഴിവാക്കാനാണ് കോണ്‍സ്റ്റബിളിനെ മാവോയിസ്റ്റ് സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.
ആക്രമണത്തിനു നേതൃത്വം നൽകിയ മാവോയിസ്റ്റ് നേതാവ് ഹിദ്മയെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് സേന.
മാവോയിസ്റ്റ് വേട്ടയിൽ പ്രത്യേക പരിശാീലനം നേടിയ സിആർപിഎഫ് കോബ്ര കമാൻഡോകൾ, സംസ്ഥാന പോലീസിലെ പ്രത്യേക ദൗത്യസേന എന്നിവയുടെ നേതൃത്വത്തിലാണ് നടപടി.