ഇരിങ്ങാലക്കുട: തളിയക്കോണം എസ്എൻഡിപി സെൻററിൽ പോളിംഗ് സ്റ്റേഷനു പുറത്ത് സിപിഎം-ബിജെപി പ്രർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തു.
സംഘർഷത്തിൽ മൂന്നു സിപിഎം പ്രവർത്തകർക്കും അഞ്ചു ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
സിപിഎം പ്രവർത്തകരായ തളിയക്കോണം സ്വദേശികളായ തച്ചപ്പിള്ളി വീട്ടിൽ അമൽ (24), പുളിയത്ത്പറന്പിൽ വീട്ടിൽ തേജസ് (22), കൊറ്റായിവളപ്പിൽ ഷാജൻ (50) എന്നിവരെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഗരസഭാ കൗണ്‍സിലറും ബിജെപി മണ്ഡലം സെക്രട്ടറിയുമായ തച്ചംപ്പിള്ളി വീട്ടിൽ ടി.കെ ഷാജു (40), പ്രവർത്തകരായ തളിയക്കോണം സ്വദേശികളായ വാലുമപറന്പിൽ നിവേദ് (30), തച്ചംപ്പിള്ളി സൗരവ് സതീശൻ (30), താഴത്ത് വീട്ടിൽ സുജിത്ത് (30), പൊറ്റക്കൽ സജീഷ് (26) എന്നിവരെ മാപ്രാണം ലാൽ മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പോളിംഗ് ദിവസം വൈകീട്ട് ഏഴിനു പോളിംഗ് നടപടികൾ പൂർത്തീകരിച്ചതിനു ശേഷമായിരുന്നു സംഭവം. ഇലക്ഷൻ കമ്മീഷന്റെയും പോലീസിന്റെയും നിർദ്ദേശമനുസരിച്ച് എസ്എൻഡിപി സെൻററിലുള്ള കൊടിമരത്തിൽ നിന്നും കൊടികൾഅഴിച്ചു മാറ്റിയിരുന്നു.
പോളിംഗ് പൂർത്തിയപ്പോൾ ഇവ പുന: സ്ഥാപിക്കാൻ എത്തിയ തങ്ങളെ കൗണ്‍സിലർ ടി.കെ. ഷാജുവിൻറെ നേതൃത്വത്തിൽ മർദ്ദിക്കുകയും ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും ശരീരത്തിൽ കുമ്മായം ഒഴിക്കുകയുമായിരുന്നുവെന്നു പരിക്കേറ്റ് ചികിൽസയിലുള്ള സിപിഎം പ്രവർത്തകർ പറഞ്ഞു.
എന്നാൽ റോഡിലെ താമര ചിഹ്നം മായ്ക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കത്തിനിടയിൽ സിപിഎം പ്രവർത്തകർ തങ്ങളെ മർദിക്കുകയായിരുന്നുവെന്നു പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന ബിജെപി പ്രവർത്തകർ പറഞ്ഞു.
താമര വരച്ചിടത്ത് അരിവാൾ ചുറ്റിക നക്ഷത്രം വരക്കാൻ അതിക്രമിച്ച് വരികയും അത് ചോദ്യം ചെയ്തപ്പോൾ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്നാണു ബിജെപി ആരോപിക്കുന്നത്.
സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീമിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
പ്രഫ. കെ.യു. അരുണൻ എംഎൽഎ, എൽഡിഎഫ് നേതാക്കളായ ഉല്ലാസ് കളക്കാട്ട്, കെ.സി. പ്രേമരാജൻ, പി. മണി, ടി.കെ. വർഗീസ്, എം.ബി. രാജുമാസ്റ്റർ, കൗണ്‍സിലർമാരായ സി.സി. ഷിബിൻ, അഡ്വ. ജിഷ ജോബി, ജയാനന്ദൻ, എൽഡിഎഫ് സ്ഥാനാർഥി പ്രഫ. ആർ. ബിന്ദു എന്നിവർ താലൂക്ക് ആശുപത്രിയിലെത്തി സിപിഎം പ്രവർത്തകരെ സന്ദർശിച്ചു.
എൻഡിഎ സ്ഥാനാർഥി ജേക്കബ് തോമസ്, ബിജെപി മണ്ഡലം പ്രസിഡൻറ് കൃപേഷ് ചെമ്മണ്ട, മണ്ഡലം നേതാക്കളായ കെ.സി. വേണുമാസ്റ്റർ, ഷൈജു കുറ്റിക്കാട്ട്, മനോജ് കല്ലിക്കാട്ട്, മുനിസിപ്പൽ പ്രസിഡൻറ് സന്തോഷ് ബോബൻ എന്നിവർ ആശുത്രിയിലെത്തി പരിക്കേറ്റ ബിജെപി പ്രവർത്തകരെ സന്ദർശിച്ചു.