തിരുവനന്തപുരം: എൽഡിഎഫ്, യുഡിഎഫ് മുന്നണികളെ വെട്ടിലാക്കി എസ്ഡിപിഐ നേതൃത്വത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു.
എസ് ഡി പി ഐ മത്സരിച്ച നെടുമങ്ങാടും വാമനപുരത്തും ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും ഇരുമുന്നണികളും എസ്ഡിപിഐയോട് വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള പറഞ്ഞതാണ് വിവാദമാകുന്നത്.
നേമത്ത് എസ്ഡിപിഐ പിന്തുണ നൽകിയത് എൽഡിഎഫിനാണെന്നും സിയാദിന്റെ വെളിപ്പെടുത്തൽ. തിരുവനന്തപുരം മണ്ഡലത്തിൽ യുഡിഎഫിനെ പിന്തുണച്ചുവെന്നുമാണ് എസ്ഡിപിഐ വ്യക്തമാക്കിയത്. കഴക്കൂട്ടത്ത് മനസാക്ഷി വോട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടത്.
എൽഡിഎഫിനേയും യുഡിഎഫിനേയും നിയന്ത്രിക്കുന്നത് മത തീവ്രവാദ ശക്തികളാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് പറഞ്ഞു. വർഗീയ ശക്തികളായ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് എന്നിവർ എൽഡിഎഫിനേയും ജമാ അത്തെ ഇസ്ലാമി യുഡിഎഫിനേയും പല സ്ഥലങ്ങളിലും പിന്തുണച്ചിട്ടുണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
അതേ സമയം എസ്ഡിപിഐ അനുഭാവികളായ ആളുകൾ തങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടാകാമെന്നും എന്നാൽ അവരുടെ പിന്തുണ തേടി പാർട്ടി പോയിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രാഷ്ട്രദീപികയോട് പറഞ്ഞു.
ബിജെപി ശക്തമായി പ്രചരണ രംഗത്തുള്ള സ്ഥലങ്ങളിൽ വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയെന്ന നിലയ്ക്കായിരിക്കും എസ്ഡിപിഐ നേമത്തും കഴക്കൂട്ടത്തും എൽഡിഎഫിന് വോട്ട് നൽകിയതെന്നും ആനാവൂർ വ്യക്തമാക്കി.