ജമ്മു: മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയ ജവാൻ രാകേശ്വർ സിംഗ് മൻഹസിന്റെ മോചനത്തിൽ ബുർനായി ഗ്രാമം ആഹ്ലാദത്തിമിർപ്പിൽ.
തങ്ങളുടെ പ്രിയപ്പെട്ടവനുവേണ്ടി നാലു ദിവസമാണ് ഉണ്ണാതെയും ഉറങ്ങാതെയും കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും കാത്തിരുന്നത്.
ശനിയാഴ്ച ഛത്തീസ്ഗഡിലെ ബിജാപുരിൽ ഏറ്റുമുട്ടലിനിടെയായിരുന്നു രാകേശ്വർ സിംഗ് മൻഹസിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയത്.
രാകേശ്വർ ആംബുലൻസിൽനിന്ന് ഇറങ്ങിവരുന്ന ദൃശ്യം വാർത്താ ചാനലിൽ കണ്ട കുടുംബാംഗങ്ങൾ കണ്ണീർ പൊഴിച്ചു. അയൽക്കാരും ആഹ്ലാദവേളയിൽ പങ്കാളികളായി. ഭാരത് മാതാ കീ ജയ് വിളികൾ എങ്ങും മുഴങ്ങി.
ഇന്നലെ രാകേശ്വറിന്റെ വീട്ടിലെത്തിയവരെയെല്ലാം പുഞ്ചിരിയോടെയും മധുരപലഹാരങ്ങളോടെയുമായിരുന്നു സ്വാഗതം ചെയ്തത്.
ഇത് തന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദം നിറഞ്ഞ നിമിഷമെന്നായിരുന്നു രാകേശ്വറിന്റെ ഭാര്യ മീനു പ്രതികരിച്ചത്. അദ്ദേഹം തിരിച്ചെത്തുമെന്ന് ഞാൻ ഉറച്ചുവിശ്വസിച്ചിരുന്നു.
കേന്ദ്രസർക്കാരിനും ഛത്തീസ്ഗഡ് സർക്കാരിനും പരീക്ഷണസമയത്ത് ഞങ്ങൾക്കൊപ്പം നിന്നവർക്കും നന്ദി അറിയിക്കുന്നു-മീനു പറഞ്ഞു.
തന്റെ പിതാവിനെ വിട്ടയയ്ക്കണമെന്ന് രാകേശ്വറിന്റെ മകൾ രാഘ്വി നടത്തിയ വികാരതീവ്രമായ അഭ്യർഥന വലിയ വാർത്തയായിരുന്നു.
മോചനവാർത്തയറിഞ്ഞ രാഘ്വി മൊബൈൽഫോണിൽ പിതാവിന്റെ ചിത്രത്തിൽ ചുംബിച്ചു. എന്റെ അച്ഛന്റെ മോചനത്തിനായി ഞാൻ പ്രാർഥിച്ചിരുന്നു-രാഘ്വി പറഞ്ഞു.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ഇന്നലെ രാകേശ്വറിന്റെ വീട്ടിലെത്തിയിരുന്നു.
മധുരം നല്കിയാണ് ഇവരെ വീട്ടുകാർ സ്വീകരിച്ചത്. രാകേശ്വറിന്റെ മോചനവാർത്തസിആർപിഎഫിന്റെ കോബ്ര യൂണിറ്റ് രാകേശ്വറിന്റെ വീട്ടുകാരെ ടെലിഫോണിൽ അറിയിച്ചിരുന്നു.