ശ്രീജിത് കൃഷ്ണൻ
കുറ്റിക്കോൽ/കാസർഗോഡ്: അവനും ആ കൂട്ടത്തിലൊരാളായിരുന്നു. യൗവനത്തിന്റെ തിളപ്പിൽ കാടുമുഴുവൻ മദിച്ചു നടന്ന്, കാടിന്റെ രുചിഭേദങ്ങൾ പോരെന്നു തോന്നിയപ്പോൾ ഒന്നിനെയും കൂസാതെ മനുഷ്യരുടെ ആവാസകേന്ദ്രങ്ങൾക്കടുത്തുള്ള കൃഷിയിടങ്ങൾ തേടിയെത്തിയവൻ.
കണ്ടതെല്ലാം കുത്തിമറിച്ചിട്ടും ചവിട്ടിമെതിച്ചും പാവപ്പെട്ട കർഷകരുടെ അധ്വാനഫലങ്ങളെ കണ്ണീരിൽ കുതിർത്തവൻ.
അതിനിടയിലെന്നോ സ്വന്തം കൂട്ടത്തിലൊരാളുമായി കൊന്പുകോർത്ത് രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട് വഴിയാധാരമായപ്പോൾ ആഹാരവും വെള്ളവുമെത്തിച്ച് നൽകി ആശ്വസിപ്പിക്കാൻ അതേ കർഷകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഒടുവിൽ മനുഷ്യരുമായി ഇണങ്ങിച്ചേർന്ന് മനുഷ്യത്വം എന്തെന്നറിഞ്ഞ് അവൻ ഇന്നലെ ഈ ലോകത്തോടു യാത്ര പറഞ്ഞു.
കുറ്റിക്കോൽ പഞ്ചായത്തിലെ ബേത്തൂർപാറയ്ക്ക് സമീപം തീർഥക്കര ചാലിന്റെ കരയിൽ ജനവാസകേന്ദ്രത്തിൽ ഒരുമാസമായി കഴിഞ്ഞ കാട്ടുപോത്ത് ഒടുവിൽ മരണത്തിന് കീഴടങ്ങി.
കാട്ടാനകളും കാട്ടുപോത്തുകളും കാടുവിട്ട് നാട്ടിലിറങ്ങി വ്യാപകമായി കൃഷിനശിപ്പിക്കുന്നത് കർണാടക വനമേഖലയോട് ചേർന്ന പ്രദേശത്തെ കർഷകരുടെ തീരാദുരിതമാണ്.
വേനൽക്കാലം തുടങ്ങിക്കഴിഞ്ഞാൽ പകൽസമയത്തുപോലും ആനക്കൂട്ടങ്ങളും കാട്ടുപോത്തുകളും ജനവാസമേഖലയിൽ വിഹരിക്കുന്നത് ഇവിടെ പതിവുകാഴ്ചയാണ്.
കാട്ടിലെ ജലക്ഷാമം പരിഹരിക്കാൻ തടയണകൾ നിർമിച്ചും വനാതിർത്തിയിൽ സൗരോർജവേലിയും കിടങ്ങുകളും നിർമിച്ചും പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെ കാര്യമായ ഫലമുണ്ടായിട്ടില്ല.
ഇങ്ങനെ നാട്ടിലിറങ്ങിയ കാട്ടുപോത്തുകളിലൊന്നാണ് തീർഥക്കരയിൽ സ്ഥിരമായി തങ്ങിയത്. സമീപത്തെ കൃഷിയിടത്തിലെ കുളത്തിൽ വീണുകിടന്ന നിലയിലാണ് ഇതിനെ ആദ്യം നാട്ടുകാർ കാണുന്നത്.
അടുത്തുള്ള കൃഷിയിടങ്ങൾ വ്യാപകമായി ചവിട്ടിമെതിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും പോത്തിന് വല്ലതും സംഭവിച്ചാൽ കുളത്തിന്റെ ഉടമയുടെ പേരിൽ കേസുവരുമെന്ന് പേടിച്ച് ഉടൻ വനംവകുപ്പിനെ വിവരമറിയിച്ചു.
വനംവകുപ്പ് ജീവനക്കാരും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് ഇതിനെ കരകയറ്റിയത്.
അന്ന് കാട്ടിലേക്ക് ഓടിപ്പോയെങ്കിലും അടുത്ത ദിവസം തന്നെ വീണ്ടും മറ്റൊരു കുളത്തിൽ വീണു. വീണ്ടും വനംവകുപ്പിനും അഗ്നിരക്ഷാസേനയ്ക്കും പണിയായി.
ഇത്തവണ രക്ഷപ്പെടുത്തിയപ്പോഴാണ് കാട്ടുപോത്തിന്റെ കണ്ണിന് എന്തോ തകരാറുണ്ടെന്ന് കണ്ടെത്തിയത്. വെറും തകരാറായിരുന്നില്ല, ഇരുകണ്ണുകളും പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥയിലായിരുന്നു.
മറ്റൊരു പോത്തുമായുള്ള ഏറ്റുമുട്ടലിൽ കണ്ണിന് പരിക്കേറ്റ് കാഴ്ച നഷ്ടപ്പെട്ടതാകാമെന്നായിരുന്നു വനംവകുപ്പ് അധികൃതരുടെ അനുമാനം.
തോൽക്കുന്നവൻ വീഴുകയെന്ന കാടിന്റെ നിയമത്തിന് വിട്ടുകൊടുക്കുകയല്ലാതെ കാര്യമായൊന്നും ചെയ്യാനില്ലെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്.
വീണ്ടും കാടുകയറ്റിവിട്ട പോത്ത് അടുത്ത ദിവസം മുതലാണ് ഇറങ്ങിവന്ന് തീർഥക്കര ചാലിനു സമീപം തന്പടിച്ചത്.
ഇതിനിടെയുള്ള സഞ്ചാരപാതയിൽ വീണ്ടും വ്യാപക കൃഷിനാശവും വരുത്തിയിരുന്നു. കാട്ടുപോത്ത് വീണതും രക്ഷാപ്രവർത്തനത്തിനായി മണ്ണിട്ടതും മൂലം രണ്ടു കുളങ്ങളും തൽക്കാലത്തേക്ക് ഉപയോഗശൂന്യമായി.
ഉപദ്രവകാരികളായ വന്യജീവികൾക്കുപോലും സംരക്ഷണമൊരുക്കാൻ നടക്കുന്ന വനംവകുപ്പിന് അവശനിലയിലായ കാട്ടുപോത്തിനെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി സംരക്ഷണം നൽകാനാവില്ലേയെന്ന ചോദ്യവുമായി നാട്ടുകാർ രംഗത്തെത്തി.
എന്നാൽ അതിനൊരുപാട് നടപടിക്രമങ്ങളുണ്ടെന്നായിരുന്നു വനംവകുപ്പിന്റെ വിശദീകരണം.
കാട്ടുപോത്തിന് പ്രായാധിക്യവും ബാധിച്ചിട്ടുണ്ടെന്നും മറ്റു നടപടികൾക്കൊന്നും കാക്കാതെ ഏതാനും ദിവസങ്ങൾക്കുള്ളിൽ മരണത്തിന് കീഴടങ്ങാനാണ് സാധ്യതയെന്നും വനംവകുപ്പ് വിലയിരുത്തി.
അതിനകം പോത്തിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ട് രണ്ടു കണ്ണുകൾക്കും താഴെയും കഴുത്തിന് കീഴെയും പഴുപ്പ് ബാധിച്ച് പുഴുവരിക്കാൻ തുടങ്ങിയ നിലയിലായിരുന്നു.
മരണത്തോടടുത്ത കാട്ടുപോത്തുകൾ ജലാശയങ്ങൾക്കു സമീപം തങ്ങുന്നത് പതിവാണെന്ന വിദഗ്ധരുടെ നിരീക്ഷണവും അവർ ഉയർത്തിക്കാട്ടി. പുഴുവരിച്ച ഭാഗത്ത് ചികിത്സ നൽകാൻ പോലും അധികൃതർ തയാറായില്ല.
കാട്ടുപോത്ത് കാഴ്ച പൂർണമായും നഷ്ടമായതോടെ ആഹാരം കഴിക്കാൻ പോലും എങ്ങോട്ടും നീങ്ങാനാകാത്ത അവസ്ഥയിലായിരുന്നു.
ചെറിയ നീരൊഴുക്ക് മാത്രമുള്ള ചാലും കരയിലെ ഈറ്റപ്പുല്ലും മാത്രമായിരുന്നു അവന് ആശ്വാസമായത്.
രണ്ടുവട്ടം കുളത്തിൽ വീണത്തിന്റെ ഭയവും അവനെ പിടികൂടിയിരുന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ അവൻ തങ്ങിയ സ്ഥലത്തിനു ചുറ്റുമുള്ള പുല്ലും ഏറെക്കുറെ തീർന്നു.
കാടിന്റെയും നാടിന്റെയും നിയമങ്ങൾക്ക് കണ്ണില്ലെങ്കിലും പ്രകൃതിയുടെയും മണ്ണിന്റെയും താളവും മനസും സ്നേഹവുമറിയുന്ന കർഷകർക്ക് കൺമുന്നിൽ ഒരു സഹജീവി അങ്ങനെ പട്ടിണി കിടന്ന് ഇഞ്ചിഞ്ചായി ഇല്ലാതാകുന്നത് കണ്ടുനിൽക്കാനാകുമായിരുന്നില്ല.
അടുത്തുള്ള കർഷകരായ കരുണാകരനും കേശവനും കുഞ്ഞിക്കണ്ണനുമൊക്കെ ചേർന്ന് പച്ചപ്പുല്ല് അരിഞ്ഞ് കാട്ടുപോത്തിന്റെ അടുത്തെത്തിച്ചുനൽകി.
ആദ്യദിനങ്ങളിൽ മനുഷ്യന്റെ മണമടിക്കുന്പോൾ ചീറിയടുക്കാൻ ശ്രമിച്ചിരുന്ന കാട്ടുപോത്ത് ക്രമേണ ശാന്തനായി.
കർഷകന്റെ വിയർപ്പുമണമുള്ള പച്ചപ്പുല്ലുകൾ എല്ലാ നേരവും മുന്നിൽവന്നുവീഴുന്പോൾ അവന്റെ പഴുത്തുവീർത്ത കണ്ണുകൾ കൂടുതൽ നിറഞ്ഞൊഴുകിയിരിക്കണം.
വനംവകുപ്പ് നിയമത്തിന്റെ വഴിനോക്കി പോയപ്പോഴും കാട്ടുപോത്തിന് ഒരു നേരവും ഭക്ഷണത്തിനും വെള്ളത്തിനും മുട്ടില്ലാതെ കർഷകർ കാത്തുനിന്നു.
ബുധനാഴ്ച രാവിലെ കരുണാകരൻ അടുത്തെത്തി പുല്ല് നൽകിയപ്പോൾ അല്പം മാത്രം കഴിച്ച് ഏറെനേരം ശാന്തനായി നിന്നു. ഏറെക്കാലം കളിച്ചുമദിച്ചു നടന്ന കാടിന്റെ ഓർമകൾ അവൻ അയവിറക്കിക്കാണണം.
ഒരുവട്ടമെങ്കിലും അവിടേക്കു തിരിച്ചുപോകാനായാൽ ഇത്രയും കാലം ശത്രുപക്ഷത്തു കണ്ട കർഷകരുടെ സ്നേഹത്തെക്കുറിച്ചും സ്വന്തക്കാരായി കരുതിയ വനംവകുപ്പിന്റെ അവഗണനയെക്കുറിച്ചും ഒപ്പമുള്ളവരോട് പറയണമെന്ന് മോഹിച്ചുകാണണം. വൈകിട്ട് വീണ്ടും കർഷകരെത്തുന്പോഴേക്കും അവൻ ശാന്തമായി ഉറങ്ങുകയായിരുന്നു.
നിയമങ്ങളെല്ലാം കൃത്യമായി പാലിച്ചുകൊണ്ട് കാട്ടുപോത്ത് മരണത്തിനു കീഴടങ്ങിയ കാര്യം വൈകിട്ടുതന്നെ കർഷകർ വനംവകുപ്പിനെ അറിയിച്ചതോടെ നടപടിക്രമങ്ങൾക്ക് വീണ്ടും വേഗംവച്ചു.
വനംവകുപ്പിന്റെ “ഔദ്യോഗിക ബഹുമതികളോടെ’ കാട്ടിലേക്കു കൊണ്ടുപോയ ജഡം ഇന്നലെ പോസ്റ്റ്മോർട്ടത്തിനുശേഷം അവിടെത്തന്നെ സംസ്കരിച്ചു.
കഴിഞ്ഞ രണ്ടുമാസത്തിനിടെ ജില്ലയിൽ കാട്ടിൽനിന്നും നാട്ടിലിറങ്ങി ചത്തുവീഴുന്ന മൂന്നാമത്തെ കാട്ടുപോത്താണ് ഇത്. മറ്റു രണ്ടെണ്ണവും ചത്തത് കൃഷിയിടങ്ങളിലെ കുളങ്ങളിൽ വീണായിരുന്നു.