പഴയന്നൂർ: വാഗ്ദാനങ്ങൾ വെറുതെ കൊടുത്തു മോഹിപ്പിക്കാൻ മാത്രമുള്ളതല്ല, പാലിക്കാനുള്ളതു കൂടിയാണെന്നു തെളിയിച്ചിരിക്കുകയാണ് ചേലക്കര നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ഷാജുമോൻ വട്ടേക്കാട്.
നാടുമുഴുവൻ വോട്ടു ചോദിച്ചു നടന്ന തന്നോട് ഇങ്ങോട്ടൊരു ആവശ്യവുമായെത്തിയ പതിനഞ്ചുകാരനു നല്കിയ വാഗ്ദാനം നിറവേറ്റിക്കൊണ്ടാണ് ഷാജുമോൻ ഇവിടെ താരമായത്.
ദേശമംഗലം കൊട്ടിപ്പാറയിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിഷ്ണു തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടെ ഷാജുമോനെ ഫോണിൽ വിളിച്ച് തനിക്കു കളിക്കാനൊരു ഫുട്ബോൾ വേണമെന്ന ആഗ്രഹം പങ്കിട്ടു.
അതു വാങ്ങിച്ചുതരാമോ എന്നായിരുന്നു വിഷ്ണുവിന്റെ നിഷ്കളങ്കമായ ചോദ്യം. എല്ലാവരും തരാമെന്നു പറഞ്ഞെങ്കിലും ആരും തന്നില്ലെന്നു വിഷ്ണു പരാതിയും പറഞ്ഞു.
വോട്ടെടുപ്പ് കഴിഞ്ഞാലുടൻ ഫുട്ബോൾ വാങ്ങിത്തരാമെന്ന ഉറപ്പ് ഷാജുമോൻ വിഷ്ണുവിനു നൽകി. അങ്ങനെ വോട്ടെടുപ്പിന്റെ പിറ്റേന്നു പന്തുമായി ഷാജുമോൻ വിഷ്ണുവിന്റെ കൊട്ടിപ്പാറയിലെ വീട്ടിലെത്തി വിഷ്ണുവിന് അതു സമ്മാനമായി നൽകി.
കൂട്ടുകാരുടെ സാന്നിധ്യത്തിലാണ് വിഷ്ണുവിനു ഫുട്ബോൾ നൽകി മുൻ കബഡി, ഫുട്ബോൾ, പഞ്ചഗുസ്തി താരം കൂടിയായ ഷാജുമോൻ വാക്കുപാലിച്ചത്.
യുവമോർച്ച ചേലക്കര മണ്ഡലം ജനറൽ സെക്രട്ടറി ഗുരുശരണ്‍. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സുജീഷ്, ശിവകുമാർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.