ന്യൂഡൽഹി: കടല്‍ക്കൊല കേസില്‍ ഇറ്റലി നല്കുന്ന നഷ്ടപരിഹാര തുകയായ പത്ത് കോടി രൂപ സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും.
നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് വ്യക്തമാക്കി നല്കിയ സത്യവാങ്മൂലങ്ങൾ കേരളം കൈമാറിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി, കേന്ദ്ര വിദേശകാര്യ സെക്രട്ടറി എന്നിവര്‍ക്കയച്ച കത്തിലാണ് നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബവും ബോട്ടുടമയും അറിയിച്ചത്.
കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്കിയ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതം ലഭിക്കും.
സെന്റ്. ആന്റണീസ് ബോട്ട് ഉടമ ഫ്രെഡിക്ക് രണ്ട് കോടി രൂപയും നഷ്ടപരിഹാരമായി ലഭിക്കും.നേരത്തെ നല്കിയ 2.17 കോടിക്ക് പുറമെയാണ് ഇപ്പോള്‍ നല്കുന്ന പത്ത് കോടി രൂപയെന്നാണ് ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്.