മറയൂർ: ലോകം കൊറോണ എന്ന ഭീകര വൈറസിനുമുന്നിൽ പേടിച്ചുനിൽക്കുന്പോൾ പരീക്ഷാപൂക്കൾ എന്നറിയപ്പെടുന്ന ജക്രാന്ത നീലക്കുട വിരിച്ചിരിക്കുകയാണ്.
എത്ര നല്ല രീതിയിൽ ഗൃഹപാഠം ചെയ്താലും എത്ര മിടുക്കരായ കുട്ടികളിലും വാർഷിക പരീക്ഷ എന്നത് പേടി തന്നെയാണ്. ഈ പരീക്ഷാ പേടിയകറ്റുന്ന പൂക്കളാണ് മറയൂർ മലനിരകളിൽ പൂവണിഞ്ഞിരിക്കുന്നത്.
സംസ്ഥാനത്ത് ജാഗ്രതയുടെ ഭാഗമായി ഒന്പതാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഇല്ലാതായെങ്കിലും ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ബിരുദ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അനുഗ്രഹവും ആശ്വാസവുമാണ് നീലപ്പൂക്കൾ.
മറയൂരിനൂം മൂന്നാറിനും ഇടയിൽ സമുദ്രതീരത്തുനിന്നും എണ്ണായിരം അടി ഉയരത്തിലുള്ള ഉമിയാംമല എന്ന പാറക്കെട്ടിന്റെ താഴ്ഭാഗത്തുള്ള വാഗവരൈയിലാണ് ജക്രാന്ത മരങ്ങൾ പൂവിട്ടിരിക്കുന്നത്.
തേയിലത്തോട്ടങ്ങൾക്കിടയിലും പാതയോരങ്ങളിലും ഇലകൾ പൂർണമായും കൊഴിഞ്ഞ ഉയരംകൂടിയ മരച്ചില്ലകൾ നിറയെ നീലനിറത്തിലുള്ള പൂക്കളുമായി മാർച്ച് -ഏപ്രിൽ മാസങ്ങളിൽ നിൽക്കുന്ന മരങ്ങൾനിറഞ്ഞ നാട് എന്ന അർഥം ഉൾക്കൊണ്ടാണ് വാഗവരൈ എന്ന ദേശപ്പേര് ഉണ്ടായതെന്ന് മുതിർന്ന തോട്ടം തൊഴിലാളികൾ പറയുന്നു.
ജക്രാന്തമരങ്ങൾക്ക് വാക എന്നും വരൈ എന്ന തമിഴ് വാക്കിനർഥം പാറക്കെട്ട് എന്നുമാണ്.
ഇവ കൂടിച്ചേർന്നാണ് ഈ പ്രദേശത്തിന് വാകവരൈ എന്ന വിളിപ്പേരുണ്ടായത്. അൻപത് അടിയിലേറെ ഉയരത്തിൽ വളരുന്ന വൃക്ഷം വിദേശരാജ്യങ്ങളിൽ അലങ്കാര വൃക്ഷമായാണ് ഉപയോഗിക്കുന്നത്.
ജക്രാന്ത പൂക്കൾക്ക് ദൈവികതയും വിശ്വാസപരവുമായ പരിവേഷവുമുള്ളത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ദക്ഷിണാഫ്രിക്കയിലും സൗത്ത് അമേരിക്കയിലുമാണ്.
സൗത്ത് ആഫ്രിക്കയിലെ പ്രിട്ടോറിയ യൂണിവേഴ്സിറ്റിയിലേക്ക് വർഷാവസാന പരീക്ഷയ്ക്കായി പോകുന്ന വിദ്യാർഥികളുടെ തലയിലോ ശരീരത്തിലോ ജക്രാന്തപ്പൂക്കൾ കൊഴിഞ്ഞുവീണാൽ അവർ എല്ലാ വിഷയങ്ങൾക്കും മികച്ച മാർക്ക് ലഭിക്കുമെന്നതാണ് വിശ്വാസം.
പാതയോരങ്ങൾ നിറയെ നീലപ്പൂക്കളായതിനാൽ ഇവ കൊഴിഞ്ഞുവീഴുന്പോൾ ഈ വിശ്വാസം കാരണം വിദ്യാർഥികളുടെ മാനസിക സംഘർഷം കുറയാൻ കാരണമാകുമെന്ന പോസിറ്റീവ് വശവും ഈ വിശ്വാസത്തിലുണ്ട്.
മാർച്ചിലെ വർഷാവസാന പരീക്ഷ എഴുതുവാനായി വാഗവരൈ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലേക്കുള്ള പാതയിൽ വീണുകിടക്കുന്ന ജക്രാന്തപ്പൂക്കളുടെ പരവതാനിയിലൂടെ കടന്നുപോകുന്ന കുട്ടികൾ വിദേശത്തെ പ്രിട്ടോറിയൻ വിദ്യാർഥികൾക്കിടയിലുള്ള വിശ്വാസം ഒരുപക്ഷേ അറിയാൻ വഴിയില്ല.
ജക്രാന്ത മരങ്ങൾ ഡിസംബറിലെ ശിശിരത്തിൽ ഇലകൊഴിഞ്ഞശേഷം കണിക്കൊന്ന കണക്കെ മരച്ചില്ലകൾ നിറയെ പൂവിടുന്നത് മാർച്ച് മാസമായതിനാലാവാം ഇവയെ എക്സാം ട്രീ എന്നു വിളിക്കുന്നത്.