തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍. ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് നന്തന്‍കോട് വൈഎംആര്‍ ജംഗ്ഷനിലെ ആക്രിക്കടയില്‍ നിന്നും കണ്ടെത്തിയത്.
പോസ്റ്ററുകള്‍ കൊണ്ടുവന്നയാളെ അറിയില്ലെന്നും കിലോയ്ക്ക് 10 രൂപ നിരക്കിലാണ് വാങ്ങിയതെന്നും ആക്രിക്കടയുടമ അറിയിച്ചു.
വോട്ടെടുപ്പ് ദിനം ബൂത്ത് അലങ്കരിക്കാന്‍ നല്കിയ പോസ്റ്ററിന്റെ ബാക്കി ആരെങ്കിലും ആക്രിക്കടയില്‍ എത്തിച്ചതാകാമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.
അതേസമയം, സംഭവം അന്വേഷിക്കാന്‍ ഡിസിസി ഭാരവാഹിയെ ചുമതലപ്പെടുത്തിയതായി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു.
വിവരം കെപിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്നും ആരെങ്കിലും മനപ്പൂര്‍വം ചെയ്തതാണെങ്കില്‍ നടപടിയുണ്ടാകുമെന്നും സനല്‍ കൂട്ടിച്ചേർത്തു.