കാട്ടാക്കട: വിളവൂർക്കലിലെ സിപിഎം ബിജെപി സംഘട്ടനവുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളിലേയും 12പേർ പോലീസ് പിടിയിൽ. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു. രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാൻ പോലീസിന്റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ ധാരണയായി.
ബിജെപി, സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയപ്പോൾ 13 പേർക്ക് പരിക്കേൽക്കുകയും വീടും ഗൃഹോപകരണങ്ങളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവുമുണ്ടായി.വിളവൂർക്കൽ പഞ്ചായത്തിലെ കോണക്കോട്, പെരുകാവ് ഭാഗങ്ങളിൽ ബുധനാഴ്ച രാത്രി 9.30ഓടെ ആയിരുന്നു അക്രമങ്ങൾ അരങ്ങേറിയത്.
കാട്ടാക്കട ഡിവൈഎസ്പി എസ്.ഷാജി, മലയിൻകീഴ് എസ്.എച്ച്.ഒ സന്തോഷ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.എസ്. സുനിൽകുമാർ (സിപിഎം ), മുക്കംപാലമൂട് ബിജു (ബിജെപി), നേതാക്കളായ എം.അനിൽകുമാർ, കെ.ജയചന്ദ്രൻ, കുന്നുവിള സുധീഷ് എന്നിവർ സമാധാന ചർച്ചയിൽ പങ്കെടുത്തു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെയും സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. പോലീസ് പട്രോളിംഗ് ശക്തമാക്കാൻ സമാധാന യോഗത്തിൽ തീരുമാനമായി. ജനപ്രതിനിധികളും പാർട്ടി നേതാക്കളും സംഭവസ്ഥലം സന്ദർശിച്ചു.