കുമരകം: 15 കാരിയായ വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസിലെ പ്രതി നാടുവിട്ടതായി പോലീസ് നിഗമനം. കുമരകം അപ്സര ജംഗ്ഷനു സമീപം അത്തിക്കളം വീട്ടിൽ ദിവിൻ ലാൽ (22) ആണ് കുമരകം പോലീസ് പോക്സോ നിയമപ്രകാരം എടുത്തിട്ടുള്ള കേസിലെ പ്രതി.
ഇയാൾക്കു വേണ്ടി കഴിഞ്ഞ അഞ്ചു ദിവസമായി നടത്തിയ തെരച്ചിൽ വിഫലമായതോടെയാണ് പ്രതി നാടുവിട്ടെന്ന നിഗമനത്തിലേക്ക് പോലാസ് എത്തിയത്.
കുമരകം എസ്ഐ വി.സുരേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് രാപകൽ വ്യാപകമായി പ്രതിയുടെ ബന്ധുവീടുകളിലും സുഹൃത്തുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയത്.
കഴിഞ്ഞ അഞ്ചിന് വൈകുന്നേരം 6.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജെട്ടി പാലത്തിന്റെ ഇറക്കത്തിൽ കൂട്ടുകാരോടൊപ്പം വന്ന വിദ്യാർഥിനിയുടെ കൈക്ക് ദിവിൻ ലാൽ കടന്നുപിടിക്കുകയും കത്തികാട്ടി ഭയപ്പെടുത്തുകയും ചെയ്തു.
മദ്യയത്തിനും കഞ്ചാവിനും അടിമയായ പ്രതിയുടെ പ്രണയ അഭ്യർഥന പെണ്‍കുട്ടി നിരാകരിച്ചതാണ് പ്രകോപനത്തിനു കാരണം. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ പോലീസിന് പിടികൊടുക്കാതെ കോടതിയിൽ വക്കീലിന്റെ സാന്നിധ്യത്തിൽ ഹാജരാകാൻ പ്രതി നീക്കം നടത്തുന്നതായും റിപോർട്ടുണ്ട്.
സംഭവം കഴിഞ്ഞു ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടിക്കുന്നതിൽ പോലീസ് അലംഭാവം കാണിക്കുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കളും ആരോപിക്കുന്നു.
കുമരകത്തും പരിസര പ്രദേശങ്ങളിലും കഞ്ചാവിന്േറയം നിരോധിത പുകയില ഉല്പന്നങ്ങളുടേയും ഉപയോഗവും വില്പനയും വ്യാപകമായിരിക്കുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങൾ കൂടാൻ കാരണമെന്ന് നാട്ടുകാരും പരാതിപ്പെടുന്നുണ്ട്.