സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെട്ട് കിരീടമണിഞ്ഞ് വേദിയിൽ നിൽക്കുന്പോൾ അണിയിച്ചയാൾതന്നെ ആ കിരീടം ബലമായി തിരിച്ചെടുത്താൽ എന്താവും സ്ഥിതി!
കഴിഞ്ഞദിവസം ശ്രീലങ്കയിൽ ഈ നാടകീയ സംഭവം അരങ്ങേറി.
മിസിസ് ശ്രീലങ്കയായി തെരഞ്ഞെടുക്കപ്പെട്ട പുഷ്പിക ഡി സിൽവയുടെ കിരീടം നിലവിലെ മിസിസ് ശ്രീലങ്കയും മിസ്സിസ് വേൾഡ് ജേതാവുമായ കരോലിൻ ജൂറി ബലമായി പിടിച്ചുവാങ്ങി.
മാത്രമല്ല തൊട്ടടുത്തു നിന്ന ഫസ്റ്റ് റണ്ണറപ്പിന്റെ തലയിൽ അണിയിക്കുകയും ചെയ്തു. കാരണമായി കരോലിൻ പറഞ്ഞതാണ് അതിലും വലിയ ട്വിസ്റ്റ്- വിവാഹമോചിതയായ സ്ത്രീക്ക് മിസിസ് ശ്രീലങ്ക പട്ടം നൽകാനാവില്ല എന്ന്.
പുഷ്പികയെ വിജയിയായി തെരഞ്ഞെടുത്ത വിധികർത്താക്കൾ കിരീടമണിയിക്കാൻ കരോലിൻ ജൂറിയെ വേദിയിലേക്കു ക്ഷണിച്ചു.
കിരീടധാരണം കഴിഞ്ഞ് പുഷ്പികയും രണ്ടും മൂന്നും സ്ഥാനക്കാരും വേദിയോടു നന്ദി അറിയിച്ചശേഷമാണ് കരോലിൻ അപ്രതീക്ഷിത നീക്കവുമായി മുന്നോട്ടുവന്നത്.
പുഷ്പികയുടെ തലയിലിരുന്ന കിരീടം ബലമായി എടുത്ത് അടുത്തുനിന്ന ഫസ്റ്റ് റണ്ണറപ്പിന്റെ തലയിൽ ചാർത്തുകയായിരുന്നു. ഇതോടെ പുഷ്പിക കരഞ്ഞുകൊണ്ട് വേദിവിട്ടുപോയി.
കാഴ്ചക്കാർക്ക് ആദ്യം സംഭവം മനസിലായില്ല. പിന്നാലെ പലരും ഇതിനെതിരേ രംഗത്തെത്തി. വേദിവിട്ട പുഷ്പിക തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരണവുമായി വന്നു.
താൻ വിവാഹമോചിതയല്ലെന്നും, മറിച്ചാണെങ്കിൽ അതിന്റെ രേഖകൾ ഹാജരാക്കാൻ വെല്ലുവിളിക്കുന്നുവെന്നും പുഷ്പിക പറഞ്ഞു.
വേദിയിൽ നേരിടേണ്ടിവന്ന അപമാനത്തിനും അനീതിക്കുമെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. കിരീടം തട്ടിപ്പറിച്ചപ്പോൾ തലയിൽ മുറിവേറ്റതായും പുഷ്പിക പറഞ്ഞു.
സംഭവം വിവാദമായതോടെ മത്സരത്തിന്റെ സംഘാടകർ വിശദീകരണവുമായി എത്തിയിട്ടുണ്ട്. പുഷ്പിക വിവാഹമോചിതയല്ലെന്നും കിരീടം അവർക്കുതന്നെ തിരിച്ചുനൽകുമെന്നും സംഘാടകർ പറഞ്ഞു.
കരോലിന്റെ നടപടി നാണക്കേടുണ്ടാക്കിയെന്നും മിസിസ് വേൾഡ് ഓർഗനൈസേഷൻ അന്വേഷണം ആരംഭിച്ചുവെന്നും സംഘാടകർ പറഞ്ഞു. കരോലിൻ ജൂറിയെ പോലീസും ചോദ്യം ചെയ്തു.
മോശം പെരുമാറ്റത്തിന് കരോലിൻ മാപ്പുപറയണമെന്ന് പരക്കേ ആവശ്യമുയർന്നിട്ടുണ്ട്.