തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ വേഗം കൂട്ടാൻ ഒരേ സമയം കൂടുതൽ ഇവിഎമ്മുകൾ തിട്ടപ്പെ ടുത്താൻ നിർദേശം. എന്നാൽ, ഇത്തവണ തപാൽ വോട്ടുകൾ ഏറെയുള്ളതിനാൽ ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകൾ എണ്ണിത്തീർന്നാലും തപാൽ വോട്ട് എണ്ണിത്തീരാനാകുമോ എന്ന സംശയം തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർക്കുണ്ട്.
ഇതിനാൽ അന്തിമ ഫലം പ്രഖ്യാപിക്കാൻ വൈകിയേക്കും.ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകൾ എണ്ണുന്നതിനായി ഇത്തവണ ഓരോയിടത്തും പരമാവധി നാലു ഹാളുകൾ വീതം ക്രമീകരിക്കാമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയിട്ടുള്ള നിർദേശം.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഓരോ ഹാളിലും ഏഴു ടേബിളുകൾ മാത്രമേ ക്രമീകരിക്കാവൂ. നേരത്തേ ഒരു ഹാളിൽ മാത്രമായിരുന്നു ഇവിഎമ്മുകൾ എണ്ണിയിരുന്നത്. ഇവിടെ 14 ടേബിളുകളാണു ക്രമീകരിച്ചിരുന്നത്. ഇതാണ് ഏഴാക്കി കുറച്ച ശേഷം ഹാളുകളുടെ എണ്ണം നാലാക്കി ഉയർത്തിയത്.
നിർദേശം പൂർണതോതിൽ സംസ്ഥാനത്തു നടപ്പാക്കിയാൽ ഒരേ സമയം 28 ഇവിഎമ്മുകൾ വീതം എണ്ണാനാകും. ഇതുവഴി ഇവിഎമ്മുകൾ എണ്ണുന്നതിനു വേഗം കൈവരിക്കാനാകും. രാവിലെ എട്ടിനു തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതിനൊപ്പം ഇവിഎമ്മുകളും എണ്ണുന്നതിനും കമ്മീഷൻ അനുമതിയുണ്ട്.
മുൻപ് തപാൽ വോട്ട് എണ്ണിയ ശേഷമാണ് ഇവിഎമ്മുകൾ തുറന്നിരുന്നത്. നിർദേശം പൂർണതോതിൽ നടപ്പാക്കിയാൽ വോട്ടെണ്ണലിന് ഇരട്ടി ജീവനക്കാരെ നിയോഗിക്കേണ്ടിവരും.എന്നാൽ,തപാൽ വോട്ടുകളുടെ എണ്ണം ഇത്തവണ മുൻകാലത്തെ അപേക്ഷിച്ചു വൻതോതിൽ ഉയർന്നിട്ടുണ്ട്.
മുൻപ് തെരഞ്ഞെടുപ്പു ജോലിയുള്ള സർക്കാർ ജീവനക്കാരുടെ തപാൽ വോട്ടും സൈനികരുടെ സർവീസ് വോട്ടും മാത്രമാണ് എണ്ണിയിരുന്നതെങ്കിൽ ഇത്തവണ 80 വയസ് കഴിഞ്ഞവരുടെ സെപ്ഷൽ തപാൽ വോട്ടുകൾകൂടി എണ്ണേണ്ടതുണ്ട്. ഇതുതന്നെ 10 ലക്ഷത്തോളം വരുമെന്നാണു കരുതുന്നത്.