ചെന്നൈ: ഐപിഎൽ 14-ാം സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വിജയതുടക്കം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ മുൻ ചാന്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ രണ്ട് വിക്കറ്റിന് വീഴ്ത്തിയാണ് ബംഗളൂരു വിജയം ആഘോഷിച്ചത്.
മുംബൈ ഉയർത്തിയ 160 റണ്‍സ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ബംഗളൂരു മറികടന്നത്. ഓപ്പണറായി ഇറങ്ങിയ നായകൻ വിരാട് കോഹ്ലി (29 പന്തിൽ 33), മാക്സ് വെൽ (39), എബിഡി വില്ല്യേഴ്സ് (48) എന്നിവരുടെ പ്രകടനമാണ് ബംഗളൂരുവിനെ വിജയതീരത്ത് എത്തിച്ചത്.
അവസാന ഓവറിൽ ഒരു റണ്‍ വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലിന്റെ കരുത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, മുംബൈ ഇന്ത്യൻസിനെ 159 റണ്‍സിൽ ഒതുക്കി. ഒരു റണ്ണൗട്ട് ഉൾപ്പെടെയായിരുന്നു അവസാന ഓവറിൽ നാല് വിക്കറ്റ് വീണത്.
അതോടെ 2021 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ ആദ്യം താരമായത് മുപ്പതുകാരനായ ഹർഷൽ പട്ടേൽ. നാല് ഓവറിൽ 27 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് ഹർഷൽ പട്ടേൽ മത്സരത്തിൽ നേടിയത്.
മുംബൈയുടെ വന്പനടിക്കാരനായ കിറോണ്‍ പൊള്ളാർഡ് (7), കൃണാൽ പാണ്ഡ്യ (7), മാർകൊ ജെൻസണ് (0), രാഹുൽ ചാഹർ (0) എന്നിവരാണ് ഡെത്ത് ഓവറിൽ നിലംപൊത്തിയത്. 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 എന്ന നിലയിൽനിന്ന് 20 ഓവറിൽ ഒന്‍പതിന് 159ൽ നിലവിലെ ചാന്പ്യന്മാരായ മുംബൈ ഒതുങ്ങി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ മുംബൈയുടെ തുടക്കം പതുക്കെയായിരുന്നു. ആദ്യ രണ്ട് ഓവറിൽ ആറ് റണ്‍സ് മാത്രമായിരുന്നു മുംബൈയുടെ സന്പാദ്യം. യുസ്വേന്ദ്ര ചാഹൽ എറിഞ്ഞ നാലാം ഓവറിൽ രോഹിത് ശർമ ഇന്നിംഗ്സിലെ ആദ്യ സിക്സർ പറത്തി.
എന്നാൽ, അവസാന പന്തിൽ ഇല്ലാത്ത റണ്ണിനായുള്ള ശ്രമത്തിൽ റണ്ണൗട്ടായി. 15 പന്തിൽ 19 റണ്‍സ് ആയിരുന്നു രോഹിത്തിന്റെ സംഭാവന. തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാർ യാദവ് 23 പന്തിൽ ഒരു സിക്സും നാല് ഫോറും അടക്കം 31 റണ്‍സ് നേടി.
സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ കെയ്ൽ ജമെയ്സണിനു വിക്കറ്റ് നൽകി സൂര്യ പുറത്ത്. അപ്പോൾ 11 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 94ൽ എത്തിയിരുന്നു മുംബൈ. 12.5 ഓവറിൽ ക്രിസ് ലിൻ (35 പന്തിൽ മൂന്ന് സിക്സും നാല് ഫോറും അടക്കം 49) പുറത്താകുന്പോൾ മുംബൈ 105ൽ.
ഇഷാൻ കിഷൻ (19 പന്തിൽ 28), ഹാർദിക് പാണ്ഡ്യ (10 പന്തിൽ 13) എന്നിവർ ആക്രമിച്ചെങ്കിലും ഏറെ നേരം ക്രീസിൽ തുടരാതിരുന്നത് മുംബൈക്ക് തിരിച്ചടിയായി. ഇരുവരുടെയും വിക്കറ്റ് വീഴ്ത്തിയതും ഹർഷൽ പട്ടേൽ ആയിരുന്നു.