കാട്ടാക്കട : സിനിമയ്ക്ക് വേണ്ടി എഴുതിയ ഗാനത്തിൽ മാർക്സിസത്തെ പുകഴ്ത്തിയതിന് കവി മുരുകൻ കാട്ടാക്കടയ്ക്കെതിരെ വധഭീഷണിയുണ്ടായ സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്തു.
സംഭവത്തിൽ റൂറൽ എസ്.പിക്കും സൈബർസെല്ലിലും കവി പരാതി നൽകിയിരുന്നു. ഈ പരാതിയാണ് കാട്ടാക്കട പോലീസിന് കൈമാറിയത്.
ഇന്നലെ കാട്ടാക്കട പോലീസ് കവിയുടെ മൊഴി രേഖപ്പെടുത്തി. ‘ചോപ്പ്’ എന്ന ചിത്രത്തിനായി മുരുകൻ കാട്ടാക്കട എഴുതിയ ‘മനുഷ്യനാകണം’ എന്ന് തുടങ്ങുന്ന പാട്ടായിരുന്നു വധഭീഷണിക്ക് കാരണം.
ഈ പാട്ടിൽ മാർക്സിസം എന്ന വാക്ക് ഉൾപ്പെടുത്തിയത് ശരിയല്ലെന്ന് പറഞ്ഞായിരുന്നു ഫോൺവഴി വധഭീഷണിയുണ്ടായത്. വീട്ടിലെത്തി ഇഞ്ചിഞ്ചായി അപകടപ്പെടുത്തുമെന്നും ഭീഷണിയുണ്ടായിരുന്നു.
തുടർന്നാണ് കവി മുരുകൻ കാട്ടാക്കട ഫോൺ നമ്പർ സഹിതം റൂറൽ എസ്.പിക്കും സൈബർ സെല്ലിനും പരാതി നൽകിയത്. ഈ നമ്പർ സൈബർസെൽ നിരീക്ഷിച്ചുവരികയാണ്. സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ഗാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിനും എൽ.ഡി.എഫ് ഉപയോഗിച്ചിരുന്നു.