കട്ടപ്പന: വീട്ടിലെ കിടപ്പുമറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതോടെ വീണ്ടും മൊഴിയെടുക്കാനും ചോദ്യം ചെയ്യാനും പോലീസ് ഒരുങ്ങുന്നു.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചയാണ് കട്ടപ്പനയിലെ മലഞ്ചരക്കു വ്യാപാരി എസ് എൻ ജംങ്ഷൻ കൊച്ചുപുരയ്ക്കൽ ജോർജിൻ ഭാര്യ ചിന്നമ്മ (63) മരിച്ചനിലയിൽ കണ്ടെത്തിയത്.
പ്രാഥമിക നിഗമനത്തിൽ സ്വാഭാവിക മരണമാണെന്നു കരുതി പോലീസ് നടപടി ആരംഭിച്ചപ്പോൾ ഭർത്താവ് നൽകിയ മൊഴിയിൽ ചിന്നമ്മ ധരിച്ചിരുന്ന മാലയും വളയും ഉൾപ്പെടെ നാലു പവന്റെ ആഭരണങ്ങൾ കാണാതായതായി അറിയിച്ചത്.
ഇതേത്തുടർന്നു മരണം മോഷണശ്രമത്തിനിടയിലുണ്ടായ കൊലപാതകമാണെന്ന നിഗമനത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിലാണ് മരണം ശ്വാസം മുട്ടി ഉണ്ടായതാണെന്നു കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ ബലപ്രയോഗം നടന്നതിന്റെയോ മോഷണം നടന്നതിന്റെയോ ലക്ഷണങ്ങൾ കണ്ടെത്താനായിട്ടില്ല .
രണ്ടു നിലകളുള്ള ഇവരുടെ വീടിന്റെ താഴത്തെ നിലയിലെ മുറിയിലായിരുന്നു ചിന്നമ്മയുടെ മൃതദേഹം കിടന്നിരുന്നത്. മുകളിലത്തെ നിലയിലെ മുറിയിലായിരുന്നു ജോർജ് കിടന്നിരുന്നതെന്നു പറയുന്നു.
പുലർച്ചെ നാലരയോടെ ജോർജ് താഴത്തെ നിലയിൽ എത്തിയപ്പോൾ ചിന്നമ്മ കട്ടിലിനു താഴെ കിടക്കുതാണ് കണ്ടെതെന്നാണ് മൊഴി. ഉടൻതന്നെ അയൽവാസികളെ കൂട്ടി ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു.മൃതദേഹം ഇന്ന് ഉച്ചയ്ക്കു സംസ്കരിക്കും. ഇവരുടെ മക്കൾ മറ്റു സ്ഥലങ്ങളിലാണ് താമസിക്കുന്നത്.