ചേർത്തല: ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രിയുടെ അഡീഷണൽ പേഴ്സനൽ സ്റ്റാഫ് പി. പ്രത്യോദിനെ പാർട്ടിയിൽനിന്നു പുറത്താക്കിയ സംഭവത്തില്‍ കൂടുതല്‍ ആരോപണങ്ങൾ ഉയർത്തി പാർട്ടി കേന്ദ്രങ്ങൾ. ഇതേത്തുടർന്നു സിപിഐയില്‍ പോരു മുറുകി.
തെരഞ്ഞെടുപ്പുദിവസം മന്ത്രിയുടെ പിഎ ബൂത്തില്‍ കയറി അനാവശ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രധാന ആരോപണം. ഇദ്ദേഹം മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്നും പ്രവർത്തകർ ആരോപിച്ചു.
കൂടാതെ തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നും ആക്ഷേപം ഉണ്ട്. നിലവിലെ എംഎൽഎ ആയ പി. തിലോത്തമനെ സ്ഥാനാർഥിയാക്കാത്തതിന്റെ പേരിൽ സ്ഥാനാർഥി പി.പ്രസാദിനെതിരേ നിലകൊണ്ടു എന്നതാണ് പ്രധാന പരാതി.
പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളില്ലെന്ന്
ചേർത്തല മണ്ഡലം കമ്മറ്റി അംഗമായ പ്രത്യുദ് ചേർത്തല കരുവ ബൂത്ത് സെക്രട്ടറിയുമായിരുന്നു. പി.തിലോത്തമൻ 15 വർഷമായി എംഎൽഎ ആയിരുന്നപ്പോൾ ആദ്യം മുതൽ തന്നെ പേഴ്സണൽ സ്റ്റാഫാണ്.
മറ്റ് പേഴസണൽ സ്റ്റാഫിനെതിരെയും പാർട്ടിയിൽ പരാതി ഉയർന്നിട്ടുണ്ട്. എന്നാല്‍, നടപടി പ്രാദേശികമായുണ്ടായ പ്രശ്നത്തിന്റെ പേരിലാണെന്നും ഇതു പാര്‍ട്ടിക്കുള്ളില്‍ വിഷയങ്ങളൊന്നുമില്ലെന്നും മന്ത്രി പി.തിലോത്തമന് പറഞ്ഞു.
വീഴ്ച വച്ചുപൊറുപ്പിക്കില്ല
തിരഞ്ഞെടുപ്പു ദിനത്തില്‍ ഇയാളുടെ ഭാഗത്തു വീഴ്ചയുണ്ടായതായി ബോധ്യപെട്ട സാഹചര്യത്തിലാണ് പാര്‍ട്ടി നടപടിയെടുത്തത്. ഇതിനു മറ്റുമാനങ്ങളില്ല. ഇതുമായി ബന്ധപെട്ട എല്ലാ സാഹചര്യങ്ങളും പാര്‍ട്ടി പരിശോധിക്കും.
വീഴ്ചകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവം സിപിഐക്കുള്ളില്‍ വിവാദമായിരിക്കുകയാണ്.ഇതേത്തുടര്‍ന്നു സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് പ്രസ്താവനയുമായി രംഗത്തെത്തി.
മന്ത്രി പി.തിലോത്തമന്റെ അഡീഷണൽ പി.എ. പ്രത്യുദിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതു തെരഞ്ഞെടുപ്പ് ദിവസം പൊതുഇടങ്ങളിൽ പാർട്ടി പ്രവർത്തകനു യോജിക്കാത്തവിധമുണ്ടായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ്.
ഇതു സംബന്ധിച്ച് എൽഡിഎഫ് പ്രവർത്തകരിൽനിന്നു പരാതികൾ ലഭിച്ചതിനെത്തുടർന്നു മന്ത്രി പി. തിലോത്തമനും മണ്ഡലം സെക്രട്ടറി എം.സി.സിദ്ധാർഥനും പങ്കെടുത്ത ലോക്കൽ കമ്മറ്റി യോഗമാണ് അച്ചടക്ക നടപടിക്കു ശിപാർശ ചെയ്തത്.
അഡീഷണൽ പിഎ യ്ക്കെതിരെയുള്ള പാർട്ടി നടപടിയുടെ പേരിൽ മന്ത്രിക്കെതിരെ ചിലര്‍ നടത്തുന്ന പ്രചരണം ജനങ്ങൾ തള്ളിക്കളയുമെന്നും ആഞ്ചലോസ് പ്രസ്താവനയില്‍ പറഞ്ഞു.