സിജോ പൈനാടത്ത്
കൊച്ചി: “ഏറെക്കാലം മനസിലേറ്റി മെനഞ്ഞെടുത്ത ഒരു സ്വപ്നം, വര്‍ഷങ്ങളുടെ അധ്വാനം, കല എന്നതിനപ്പുറം ഒരുപാടു പേരുടെ ജീവിതം…. ഇതാണു ചിലര്‍ ഒറ്റ ക്ലിക്കിലൂടെ നിമിഷങ്ങള്‍കൊണ്ട് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.
‘ തന്റെ ആദ്യ സിനിമയായ “അനുഗ്രഹീതന്‍ ആന്റണി’ യുടെ റിലീസിംഗിനു പിന്നാലെ വ്യാജ പതിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവരോടാണു നവാഗത സംവിധായകന് പ്രിന്‍സ് ജോയ് കരഞ്ഞുകൊണ്ട് ഇതു പറയുന്നത്.
ഏപ്രില്‍ ഒന്നിനു സംസ്ഥാനത്താകെ 150 സ്ക്രീനുകളിൽ റിലീസ് ചെയ്ത സിനിമയുടെ തിയറ്റര്‍ പ്രിന്റ് പിറ്റേന്നുതന്നെ ടെലഗ്രാമില്‍ എത്തി.
സെക്കന്‍ഡുകള്‍കൊണ്ട് രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിനാളുകളാണ് ഇതു ഡൗണ്‍ലോഡ് ചെയ്തത്. വൈകാതെ സിനിമയുടെ എച്ച്ഡി പ്രിന്റും പുറത്തിറങ്ങിയത്രെ.
“പോലീസിലും സൈബര്‍ സെല്ലിലുമെല്ലാം പരാതി നല്‍കിയിട്ടുണ്ട്. അത് എത്രമാത്രം ഫലം കാണുമെന്നറിയില്ല.
മൊബൈലിലും മറ്റും ഇതു ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ സ്വയം വിചാരിക്കണം. തങ്ങള്‍ ഇല്ലാതാക്കുന്നത് ഒരുപാടു പേരുടെ അധ്വാനഫലമെന്ന്’ -26കാരന് പ്രിന്‍സ് പറയുന്നു.
സണ്ണി വെയിനും ഗൗരി കിഷനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കുടുംബചിത്രം മൂന്നര കോടി രൂപ മുടക്കി എം. ഷിജിത്താണു നിര്‍മിച്ചത്.
ചിത്രീകരണം പൂർത്തിയാക്കി 2020 ഏപ്രിലില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് കാരണം നീളുകയായിരുന്നു.
കോവിഡില്‍ തകര്‍ന്ന സിനിമാ വ്യവസായം തിരിച്ചുവരുന്നതിനിടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതു ക്രൂരമാണെന്നു നടന് സണ്ണി വെയിന്‍ പറഞ്ഞു.
തലശേരി ഇരിട്ടി സ്വദേശിയായ പ്രിന്‍സ് നേരത്തെ “എട്ടുകാലി’ എന്ന ഹ്രസ്വചിത്രമൊരുക്കി ശ്രദ്ധ നേടിയിരുന്നു. സംവിധായകന് മിഥുന് മാനുവല്‍ തോമസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കണ്ണൂര്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ പഠിക്കുമ്പോള്‍ മനസില്‍ രൂപപ്പെട്ട കഥയാണു വര്‍ഷങ്ങളുടെ അധ്വാനത്തില്‍ സിനിമയായതെന്നും പ്രിന്‍സ് പറയുന്നു.