കാസര്‍ഗോഡ്: നമ്മള് എന്തിനാണ് തെങ്ങ് നട്ടുവളര്‍ത്തുന്നത്? തെങ്ങ് ഒരു കല്പവൃക്ഷമാണ്. അതിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണ് എന്നൊക്കെ പണ്ട് എല്‍പി ക്ലാസില്‍ പഠിച്ചത് അവിടെ നില്ക്കട്ടെ.
ആത്യന്തികമായി നമ്മളൊക്കെ തെങ്ങ് നട്ടുവളര്‍ത്തി വെള്ളമൊഴിക്കുന്നത് തേങ്ങ കിട്ടാനാണ്. എത്രയധികം തേങ്ങ കിട്ടുന്നുണ്ടോ അത്രയും നല്ലത്.
ഇങ്ങനെ നിറയെ തേങ്ങ കായ്ച്ചതുകൊണ്ട് തെങ്ങിനെന്തു ലാഭം എന്ന് ഇതുവരെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? തെങ്ങിനെ സംബന്ധിച്ച് അതിന്റെ വിത്താണ് തേങ്ങ.
അടുത്ത തലമുറയെ ഉല്പാദിപ്പിക്കുന്നതിനുള്ള മാര്‍ഗം. നമ്മള് അതെല്ലാം പറിച്ചെടുത്ത് ആഹാരമാക്കുകയോ കൊപ്രയാക്കി വില്ക്കുകയോ ചെയ്യുന്നു.
ഒരു നല്ല തെങ്ങിന്റെ ജീവിതകാലത്ത് ചിലപ്പോള്‍ അഞ്ചോ പത്തോ തേങ്ങയെങ്കിലും വിത്തിനു വച്ചാലായി.
തെങ്ങുകളോട് കാലങ്ങളായി തുടരുന്ന ഈ ചൂഷണം അവസാനിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് കാസര്‍ഗോഡ് കളനാട് ഹദ്ദാദ് നഗറിലെ മുഹമ്മദ്കുഞ്ഞിയുടെ വീട്ടുപറമ്പിലെ ഒരു തെങ്ങ്.
ഒരുവട്ടം പോലും കായ്ക്കുകയോ തേങ്ങ പോയിട്ട് പൂക്കുലയോ മച്ചിങ്ങയോ പോലും ഉണ്ടാവുകയോ ചെയ്യാതെ ഫാസ്റ്റ് ട്രാക്കില്‍ തെങ്ങിന്‍തൈകളെ നേരിട്ട് ‘പ്രസവിക്കുക’യാണ് ഈ തെങ്ങ്.
പത്തടിയോളം ഉയരമുള്ള തെങ്ങിന്റെ ഓലമടലുകള്ക്കിടയില്നിന്നും ഇപ്പോള്‍ പതിനഞ്ചോളം തെങ്ങിന്‍തൈകളാണ് മുളച്ചുനില്‍ക്കുന്നത്.
ഇതില്‍ ചിലത് നല്ല ആരോഗ്യത്തോടെ വളര്ന്നുനില്ക്കുമ്പോള് മറ്റു ചിലവ വളഞ്ഞ് ചുരുണ്ടു കിടക്കുകയാണ്.
ആറുവര്‍ഷം മുമ്പ് സ്വന്തം പറമ്പിലെ മറ്റൊരു തെങ്ങില്‍നിന്നുള്ള തേങ്ങ മുളപ്പിച്ചെടുത്താണ് മുഹമ്മദ്കുഞ്ഞി ഈ തൈ നട്ടത്.
അതേ തെങ്ങില്‍ നിന്നുള്ള മറ്റു തേങ്ങകള്‍ മുളപ്പിച്ചെടുത്ത തൈകള്‍ ഇപ്പോള്‍ സാധാരണപോലെ കായ്ഫലം തന്നുതുടങ്ങി. ഇതൊരെണ്ണം മാത്രമാണ് വികൃതി കാട്ടി നില്‍ക്കുന്നത്.
നല്ല ഊര്‍ജസ്വലതയോടെ വളര്‍ന്നുവന്ന തെങ്ങ് ഇതുവരെ ഒരിക്കല്‍പോലും കായ്ച്ചിട്ടില്ല. രണ്ടുവര്‍ഷം മുമ്പാണ് ഓലമടലുകള്‍ക്കിടയില്‍ നിന്നും തെങ്ങിന്‍തൈകള്‍ തലകാട്ടി നില്‍ക്കുന്നത് ആദ്യമായി ശ്രദ്ധയില്‍പ്പെടുന്നത്.
ആദ്യമുണ്ടായ തേങ്ങ ആരാലും ശ്രദ്ധിക്കപ്പെടാതെ ഓലമടലുകള്ക്കിടയില്തന്നെ പറ്റിച്ചേര്ന്നുനിന്ന് താനേ മുളച്ചതാകാമെന്നാണ് അന്ന് കരുതിയത്.
വീണ്ടും വീണ്ടും തെങ്ങിന്‍തൈകള്‍ തന്നെ മുളച്ചുവരാന്‍ തുടങ്ങിയതോടെയാണ് ഇത് ഒരപൂര്‍വ പ്രതിഭാസമാണെന്ന് മനസിലായത്.
സംഭവം മുഹമ്മദ്കുഞ്ഞി കാസര്‍ഗോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെയും കൃഷിവകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
സസ്യങ്ങളുടെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട സൊമാറ്റിക് സെല്ലുകളില്‍ ഏതെങ്കിലും കാരണവശാല്‍ ഉണ്ടായ ജനിതക വ്യതിയാനമാകാം തേങ്ങയ്ക്കു പകരം തെങ്ങിന്‍തൈകള്‍ നേരിട്ടുണ്ടാകാന് കാരണമായതെന്നാണ് സിപിസിആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ. ഷംസുദീന്റെ നിരീക്ഷണം.
ഒരുപക്ഷേ പുറത്തുകാണാത്ത വിധത്തില്‍ ആദ്യം ചെറിയ മച്ചിങ്ങകള് രൂപപ്പെട്ടതിനു ശേഷമാകാം അവ മുളയ്ക്കുന്നത്.
തെങ്ങില്‍ വിശദമായ പരിശോധനകള്‍ നടത്തി ഈ പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താന്‍ സാധിക്കുമെന്നാണ് സിപിസിആര്‍ഐയിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായം. താമസിയാതെ സ്ഥലം സന്ദര്‍ശിച്ച് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.