പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ആ അമ്മയുടെ അനുഗ്രഹം ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്ന് എൻ ഡി എ സ്ഥാനാർഥി ബി.ബി.ഗോപകുമാർ തെരഞ്ഞെടുപ്പ് അനുഭവങ്ങൾ പങ്കുവച്ച് പറഞ്ഞു.
ജീവിതത്തിലാദ്യമായാണ് അവരെ കാണുന്നത്. വാർധക്യത്തിന്റെ അസ്വസ്ഥതകളുമായാണ് അവർ പൊരിവെയിലിൽ കാത്തുനിന്നത്.
അവരുടെ കണ്ണുകളിലെ പ്രതീക്ഷയും സ്നേഹം കലർന്ന ആശീർവാദവും കണ്ണുകൾ നനയിച്ചു. ബി.ബി.ഗോപകുമാർ തുടർന്നു.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ സ്വീകരണ പരിപാടിയായിരുന്നു. മീനമ്പലം കാടു ജാതി കോളനിയിലെ സ്വികരണം കഴിഞ്ഞ് മറ്റൊരു കോളനിയിലെ സ്വീകരണ സ്ഥലത്തേയ്ക്ക് പോവുകയായിരുന്നു.
കത്തിക്കാളുന്ന വെയിൽ. അനൗൺസ്മെന്റ് വാഹനത്തിന് പിന്നാലെ നൂറുകണക്കിന് മോട്ടോർ ബൈക്കുകളുടെ റാലി.
അതിന് പിന്നാലെയായിരുന്നു സ്ഥാനാർഥിയുടെ വാഹനം. സ്ഥാനാർഥിയുടെ വാഹനം എത്തിയപ്പോൾ തൊട്ടു മുന്നിൽ നിന്ന വയോധിക കൈ കാണിച്ചു.
പൊള്ളുന്ന വെയിലിൽ അവർ വീട്ടിന് സമീപത്തെ റോഡിൽ കാത്തു നില്ക്കുകയായിരുന്നു. വാഹനം നിർത്തി.അവർ അടുത്തെത്തി. ഒപ്പം മുന്നോ നാലോ പേർ മാത്രം.
മോനെ, കാത്തു നില്ക്കുകയായിരുന്നു. കണ്ടു. സന്തോഷമായി. എന്റെ മോൻ ഇത്തവണ നല്ല ഭുരിപക്ഷത്തിൽ ജയിക്കും. ഞങ്ങളെല്ലാം താമര ചിഹ്നത്തിൽ വോട്ട് ചെയ്യും. അവർ തലയിൽ കൈവച്ച് അനുഗ്രഹിച്ചു.
പ്രചാരണത്തിനിടയിൽ നിരവധി അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആ അമ്മയുടെ അനുഗ്രഹവും ആത്മാർഥതയും സ്നേഹവും ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണെന്ന് ബി.ബി.ഗോപകുമാർ പറഞ്ഞു.