കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം.
പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്ക് ഉപയോഗിക്കാതിരിക്കുന്നത് കുറ്റകരമായതിനാൽ നിയമനടപടി സ്വീകരിക്കും.
പൊതുവാഹനങ്ങളിൽ ഇരുന്ന് യാത്ര ചെയ്യാൻ മാത്രമേ അനുവദിക്കൂ. വിവാഹം, മരണാനന്തര ചടങ്ങുകൾ, സാമൂഹിക, മത, രാഷ്ട്രീയ പരിപാടികൾ, വിരുന്നുകൾ എന്നിവ തുറസ്സായ സ്ഥലങ്ങളിൽ 200-ഉം അടച്ചിട്ട മുറിയിൽ നൂറു പേർ മാത്രം പങ്കെടുത്താൽ മതി. കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
ആരാധനാലയങ്ങളിൽ ഒരേസമയം നൂറിൽ കൂടുതൽ പേർ പാടില്ല. സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ, സന്ദർശക ഡയറി എന്നിവ ഇവിടെ നിർബന്ധമാണ്.
പത്ത് വയസ്സിൽ താഴെയുള്ളവരും 80നു മുകളിലുള്ളവരും ഇത്തരം സ്ഥലങ്ങളിൽ പ്രവേശിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഷോപ്പുകൾ, മാർക്കറ്റുകൾ, മാളുകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം കർശനമാക്കും. തദ്ദേശസ്ഥാപനങ്ങൾ കൺട്രോൾ റൂം പുനസ്ഥാപിക്കണം. വാർഡ് ആർആർ.ടികൾ പുനരുജ്ജീവിപ്പിക്കണം.
ജില്ലയിൽ 10,000 പരിശോധനകൾ ദിനംപ്രതി നടത്തും. പഞ്ചായത്തുകളിൽ 90-ഉം നഗരസഭകളിൽ 270-ഉം കോർപറേഷനിൽ 2000ഉം പരിശോധന നടത്തണം.
രോഗിയുമായി സമ്പർക്കത്തിലുള്ള മുഴുവൻ പേരെയും പരിശോധിക്കണം. വയോജനങ്ങൾ, മറ്റു രോഗമുള്ളവർ, ലക്ഷണമുള്ളവർ, കുടുംബശ്രീ പ്രവർത്തകർ, അധ്യാപകർ, പ്രഫഷനൽ കോളജ് വിദ്യാർഥികൾ എന്നിവർക്ക് കോവിഡ് പരിശോധന നടത്തണം.
കടകൾ, ഹോട്ടലുകൾ, തിരക്കേറിയ മറ്റു സ്ഥാപനങ്ങൾ, ബസ്, ടാക്സി ജീവനക്കാരെയും നിശ്ചിത ഇടവേളകളിൽ ഉടമകൾ പരിശോധന നടത്തിക്കണം. 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകണം.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ നാലു ദിവസവും താലൂക്ക് ആശുപത്രികളിലും മുകളിലുള്ള ആശുപത്രികളിലും എല്ലാ ദിവസവും വാക്സിനേഷൻ നടത്തണം.
വാക്സിനേഷന് വരാത്തവർക്കായി എല്ലാ ആഴ്ചയിലും സോണൽ, വാർഡ്തല ക്യാമ്പുകൾ സംഘടിപ്പിക്കണം.