കണ്ണൂർ: വിഷുവിന് മൂന്നു ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പടക്ക വിപണി ഉണർന്നു.
വർണരാജി വിരിയിച്ച് മാനത്തിലുയർന്ന് ആറു മുതൽ 250 ലധികം പ്രാവശ്യം പൊട്ടുന്ന ഷോട്ട്സ് മുതൽ ഒടിയനും പുലിമുരുകനുമൊക്കെയാണ് ഇത്തവണത്തെ താരം.
പീകോക്ക്, സിംഗ് കോപ്പ്, ബൈക്ക്, ടോം ആൻഡ് ജെറി തുടങ്ങിയവയ്ക്കും നല്ല ചെലവുമുണ്ട്. 12 പ്രാവശ്യം ഉയർന്നു പൊട്ടുന്ന ഷോട്സിന് 180 രൂപയാണ് വില.
കുട്ടികൾക്കായുള്ള കൂൾ ഫയർ, കന്പിത്തിരി, മത്താപ്പ്, പൂക്കുറ്റി, നിലച്ചക്രം എന്നിവയ്ക്ക് തന്നെയാണ് ആവശ്യക്കാർ ഏറെയും. ഇനിയുള്ള മൂന്ന് ദിവസങ്ങളിൽ പടക്ക വിപണിയിൽ കൂടുതൽ തിരക്കനുഭവപ്പെടും. ഇതിനായി പടക്കക്കടകളും ഒരുങ്ങിക്കഴിഞ്ഞു.
മുൻ വർഷത്തെ അപേക്ഷിച്ച് വിലയിൽ കാര്യമായ മാറ്റമില്ല. തെരഞ്ഞെടുപ്പ് കാലത്തുതന്നെ സ്ഥാനാർഥികളെ സ്വീകരിക്കുന്നതിനും പ്രകടനങ്ങൾ കൊഴുപ്പിക്കാനുമെല്ലാം പാർട്ടിക്കാർ പടക്കങ്ങൾ വാങ്ങിയിരുന്നു.
കഴിഞ്ഞവർഷം വിഷു ആഘോഷിക്കാൻ സാധിക്കാത്ത സങ്കടം തീർക്കാൻ ഇക്കുറി കൂടുതൽ പടക്കങ്ങൾ ആളുകൾ വാങ്ങുന്നുണ്ടെന്ന് അഴീക്കോട് ചാലിലെ ജെമിനി ഫയർ വർക്സ് ഉടമ സജേഷ് സത്യ പറയുന്നു.
തലശേരി കൊടുവള്ളിയിലെ ജമീല ഫയർവർക്സ്, കതിരൂർ ആറാംമൈലിലെ പ്രകാശ് ഫയർ വർക്സ്, താളിക്കാവിലെ റോയൽ ഫയർ തുടങ്ങിയ പടക്കകേന്ദ്രങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
ഇനിയുള്ള ദിവസങ്ങളിൽ രാത്രി ഏറെ വൈകിയും പടക്കവിപണി സജീവമാകും.